പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ ചൊല്ലിയാല്‍ മാത്രം പോരാ നിങ്ങളിലൂടെ സമൂഹത്തിന് പുകയിലയുടെ ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം പകര്‍ന്നു നല്‍കണമെന്നും കളക്ടര്‍ കൊച്ചു കൂട്ടുകാരോട് ഉപദേശിച്ചു.പുകയില പരിസ്ഥിതിക്കും ഭീഷണി എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയിലരഹിത ദിന സന്ദേശത്തില്‍ പ്രതിപാദിക്കുന്നത്. കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസിന്റെ സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ കളക്ടറെ ബാഡ്ജും ധരിപ്പിച്ചു. കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും തൈക്കാവ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
പുകവലിക്കുന്നവരെ നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ ആദ്യം ഒന്നു പുഞ്ചിരിച്ചു. സമൂഹം ഒട്ടാകെ പുകവലിയില്‍ നിന്ന് മാറി നിന്നാല്‍ മാത്രമേ ദിനാചരണങ്ങള്‍ കൊണ്ട് അര്‍ഥം ഉണ്ടാവുകയുള്ളൂ എന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയിലരഹിത വിദ്യാലയ പദ്ധതിയിലുള്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയും രാഷ്ട്രീയ-സാമുദായിക നേതൃത്വത്തിന്റെ പിന്തുണയും വ്യാപാരി വ്യവസായികളുടെ സഹകരണവും ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. എല്‍ അനിത കുമാരി പറഞ്ഞു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാരും കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് പ്രവര്‍ത്തകരും പങ്കെടുത്തു.