ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച ഗരീബ് കല്യാൺ സമ്മേളനത്തിൽവച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതലത്തിലും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാതലത്തിലും പരിപാടി സംഘടിപ്പിച്ചു.
ക്ഷേമ പദ്ധതികൾ, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവയിലൂടെ സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറ്റാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഭവന പദ്ധതികൾ, സ്‌കോളർഷിപ്പുകൾ, പെൻഷൻ പദ്ധതികൾ തുടങ്ങിയവ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിരഹിതമായി ജനങ്ങളിലെത്തിക്കാനാണു സർക്കാർ ശ്രമിക്കുന്നത്.

ആനുകൂല്യങ്ങൾ നേരിട്ടു നൽകുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനും ഇതുമായി ബന്ധപ്പെട്ട തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനും കഴിഞ്ഞു. രാജ്യത്തെ മിക്കവാറും കുടുംബങ്ങൾക്ക് ഏതെങ്കിലും ഒരു സർക്കാർ പദ്ധതിയുടെ പ്രയോജനം ഇന്നു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 11-ാം ഗഡു സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗുണഭോക്താക്കളായ 10 കോടിയിലധികം വരുന്ന കർഷക കുടുംബങ്ങൾക്ക് 21,000 കോടി രൂപയാണു കൈമാറുന്നത്. ഷിംലയിൽ നടന്ന ചടങ്ങിൽ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി ജയ് റാം താക്കൂർ, കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാന, പ്രാദേശിക വിഹിതം ചേർത്തു ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളമെന്നു തിരുവനന്തപുരത്തു സംഘടിപ്പിച്ച സംസ്ഥാനതല ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയതിലൂടെ പാവപ്പെട്ടവർക്കു ഗുണമേ•യുള്ള ജീവിതം ഉറപ്പാക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃകയാണ്. എല്ലാ മേഖലകളിലും സർവതലസ്പർശിയായ വികസനം കൈവരിച്ചു മുന്നേറാനുള്ള ശ്രമത്തിലാണു സർക്കാരെന്നും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി, നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയൻ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.