ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി സംവാദം നടത്തി. പതിമൂന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി രാജ്യവ്യാപകമായി സംവദിച്ചത്. കേരളത്തിലെ 14 ജില്ലകളിലും പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍ സംവാദത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്രമീകരിച്ച ഓണ്‍ലൈന്‍ സംവാദയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ വിജയത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ പൊതുജനങ്ങള്‍ എന്നവരുടെ സഹകരണം അനിവാര്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഫെഡറല്‍ ഭരണ സംവിധാനത്തില്‍ ശക്തമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തിലൂടെ മാത്രമേ വികസനം സാധ്യമാവുകയുളളൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ചു.

പ്രധാന്‍മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍മന്ത്രി മാതൃവന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍, അര്‍ബന്‍), ജലജീവന്‍മിഷന്‍, അമൃത് സ്‌കീം, പ്രധാന്‍മന്ത്രി സ്വാനിധി സ്‌കീംസ്, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാനമന്ത്രി മുദ്ര യോജന, എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.