ലൈഫ് ഭവന പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും ലഭിക്കുന്ന തുകയിൽ വർധനവ് ഉണ്ടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.എം മണി എംഎൽ എ. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവും 2022-23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് ഭവന പദ്ധതി പ്രകാരം ഒരു കുടുംബത്തിനു 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പൊൾ ലഭിക്കുന്ന തുക അപര്യാപ്തമാണെന്നും അത് ഉയർത്തണമെന്നുമുള്ള ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യാനാകും. ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകും. കൂടാതെ എന്റെ സേവനവും ജനങ്ങൾക്ക് എല്ലായ്‌പ്പോഴും ലഭിക്കും. മുൻപ് മന്ത്രിയായിരുന്നപ്പോൾ ഒട്ടേറെ വികസനങ്ങൾ ജില്ലയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ എംഎൽഎ ആയിരിക്കുമ്പോഴും അത് തുടരുന്നു. അതിനുള്ള ഉദാഹരണമാണ് ഇടുക്കിയിൽ പുതിയതായി പണികഴിപ്പിച്ച റോഡുകൾ. പുറത്ത് നിന്ന് വരുന്നവർക്ക് അസൂയ തോന്നുന്ന തരത്തിലുള്ള റോഡുകളാണ് ജില്ലയിലേത്. ഇതുപോലെ ബ്ലോക്ക്‌ പഞ്ചായത്തുകൾക്കുള്ള ഫണ്ട്‌ ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്നും കൃത്യമായി അവ ഉപയോഗപ്പെടുത്താൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ടി കുഞ്ഞ് യോഗത്തിൽ അധ്യക്ഷനായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ നൂറ് ശതമാനം പദ്ധതി തുക ചെലവഴിച്ച രാജാക്കാട് രാജകുമാരി സേനാപതി കരുണാപുരം ഗ്രാമപഞ്ചായത്തുകൾക്ക് ചടങ്ങിൽ എംഎൽഎ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

വർക്കിംഗ് ഗ്രൂപ്പ്, ഗ്രാമസഭാ യോഗങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികളുടെ കരട് രൂപം സെക്രട്ടറി ദിലീപ് എം. കെ യോഗത്തിൽ അവതരിപ്പിച്ചു. 14 വിഷയ മേഖലകളിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും അവർ കഴിഞ്ഞ കാല പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടിനെ ആസ്പദമാക്കി വിവിധ വിഷയ മേഖലകളിലെ നിർദ്ദേശങ്ങൾ തയ്യാറാക്കുകയും ഈ നിർദേശങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ച് ഗ്രാമസഭയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ കരട് പദ്ധതിരേഖയായിരുന്നു വികസന സെമിനാറിന്റെ സജീവ ചർച്ചയ്ക്കായി വെച്ചത്. വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 2.75 കോടി രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 1.17 കോടി രൂപയുടെയും പട്ടികവർഗ്ഗ വിഭാഗത്തിൽ 9.42 ലക്ഷം രൂപയുടെയും ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ 11.10 കോടി രൂപയുടെയും പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും. കൂടാതെ മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ 1.19 കോടി രൂപയുടെയും പദ്ധതികൾ നടപ്പിലാക്കും. കോവിഡ് മഹാമാരിയും പ്രളയങ്ങളും മൂലം ആലസ്യം ബാധിച്ച സമസ്ത മേഖലകളിലും ഉണർവുണ്ടാകുന്ന തരത്തിൽ പദ്ധതികൾ ഉൾപ്പെടുത്തിയാണ് കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്.സെമിനാറിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റാണി തോമസ് വിഷയം അവതരിപ്പിച്ചു. എൽഎസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൾ സമദ് പി.എസ് പദ്ധതി നിർദേശങ്ങളുടെ അവലോകനം നടത്തി.