തൊടുപുഴ നഗരസഭയുടെ 2022 – 2023 ലെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ പ്രത്യേക യോഗം ചേര്‍ന്നു. മുന്‍വര്‍ഷങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച് പ്രത്യേക സഭയില്‍ വിശദീകരിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി നഗരസഭ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ബത്തയും നല്‍കല്‍, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, ഓട്ടിസം സെന്റര്‍, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍പെടുത്തി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. മുനിസിപ്പല്‍ ഗ്രൗണ്ട് ഹാളില്‍ സംഘടിപ്പിച്ച യോഗം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്, വികലാംഗ പെന്‍ഷന്‍ എന്നിവ അനുവദിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഷാഹുല്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അലീന ജോര്‍ജ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. രാജന്‍, മരാമത്തു കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പത്മകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സഫിയ ജബ്ബാര്‍, ആര്‍.ഹരി, ജിതേഷ്.സി, ഷഹന ജാഫര്‍, കവിത വേണു, ജയലക്ഷ്മി ഗോപന്‍, ശ്രീലക്ഷ്മി സുധീപ്, മുഹമ്മദ് അഫ്സല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ഭിന്നശേഷിക്കാരായ ആളുകളെ കൂടാതെ രക്ഷിതാക്കള്‍, ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.