കുമളി ഗ്രാമപഞ്ചായത്തിലെ 20 വാർഡിലെ എല്ലാ വീടുകളിലും നൽകുന്നതിനുവേണ്ടി തയ്യാറാക്കിയ ഒരു ലക്ഷം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്തിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയും, പച്ചക്കറി സ്വയം പര്യാപ്തതയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി തുടർച്ചയായി പഞ്ചായത്ത് ഭരണ സമിതി നടത്തിവരുന്ന തുടർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഒരു ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നത്. വെണ്ട, കുറ്റിപയർ, കാബേജ്, കോളിഫ്‌ളവർ, ഗ്രൂപ്പ് കോളി, തക്കാളി, വഴുതന, കത്രിക്ക തുടങ്ങിയ പച്ചക്കറി തൈ ഇനങ്ങളാണ് നൽകുന്നത്. കുമളി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന് 10 തൈകൾ വീതമാണ് നൽകുന്നത്. കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടന്ന യോഗത്തിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഒരു ലക്ഷം തൈകൾ ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ കേരള സ്റ്റേറ്റ് അമച്വർ കിക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഐറിൻ ട്രീസ ജോസഫ് ഇലഞ്ഞിയിലിനെയും, ഡോൺ കെ. ജെയിംസിനെയും, ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ടീമിലംഗമായ അനു ഇരുമേടയിലിനെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ, കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബാബുകുട്ടി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എം സിദ്ധിക്ക്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ രജനി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ നോളി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.