ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതിയില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത മുന്നേറ്റം അനിവാര്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രംഗങ്ങളില്‍ കേരള മാതൃക അഭിനന്ദനീയമാണ്. ക്രീയാത്മകമായ വികസന ആസൂത്രണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലയിലൊന്നായി വയനാടിനെയും പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലുള്ള സമഗ്ര വികസനത്തിനായി വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണം. സാമൂഹിക ക്ഷേമം, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ പരസ്പര കണ്ണിചേര്‍ന്നുള്ള പ്രവര്‍ത്തനം ഏറെ ഗുണം ചെയ്യും. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകളെ പങ്കാളികളാക്കി ഗ്രാമതലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള പരിശ്രമങ്ങള്‍ അനിവാര്യമാണ്. കൃഷി ഉപജീവനമാക്കിയവര്‍ ജില്ലയില്‍ ധാരാളമുണ്ട്. കര്‍ഷകര്‍ക്കായുള്ള പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച വരരുത്. സുസ്ഥിര കാര്‍ഷിക വികസനത്തിലൂന്നിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. യന്ത്രവത്കരണത്തില്‍ കര്‍ഷകര്‍ക്ക് കാലോചിതമായ പരിശീലനം നല്‍കണം. വയനാടിന്റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴം-പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. കാര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലും ശ്രദ്ധ വേണം. യുവതലമുറകള്‍ക്ക് തൊഴില്‍ നേടാന്‍ പ്രാപ്തമായ സാങ്കേതിക നൈപുണ്യ കേന്ദ്രങ്ങള്‍ ജില്ലയില്‍ കൂടുതല്‍ വേണം. ജില്ലയുടെ സമഗ്ര പുരോഗതിക്കായി പിന്നാക്ക മേഖലകളെ പ്രത്യേകമായി കണ്ടെത്തി വികസനത്തിന് ഊന്നല്‍ നല്‍കാനും സഞ്ജയ ഗാര്‍ഗ് നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്ടര്‍ എ. ഗീത, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, അസി. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ സി.പി. സുധീഷ് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.