ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഓഗസ്റ്റ് 17നാണ് ഒരു വർഷം നീണ്ട ആഘോഷപരിപാടികൾ സമാപിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് വിപുലമായ സമാപന സമ്മേളനം തിരുവനന്തപുരത്ത് നടക്കും. ഓഗസ്റ്റ് 16, 17 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ സിമ്പോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ പങ്കെടുക്കും.
ജനകീയാസൂത്രണം രജത ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ആയിരം അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിക്കും. ഇതിന് പുറമേ പഠന ഗ്രന്ഥങ്ങളുടെ ഒരു സീരീസ് കില പുറത്തിറക്കും. ഇതിന് പുറമേ ജനകീയാസൂത്രണ രജത ജൂബിലി സ്മരണയ്ക്കായി ആയിരം പച്ചത്തുരുത്തുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൃഷ്ടിക്കും.
കേരള പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച ജനകീയാസൂത്രണത്തിന്റെ പ്രസക്തിയും സന്ദേശങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. അധികാരത്തിന്റെ പ്രയോഗത്തിൽ ജനങ്ങളുടെ പങ്കാളിത്തവും മുൻകൈയും ഉറപ്പാക്കിയ ഉജ്ജ്വലമായ ചരിത്രമാണ് ജനകീയാസൂത്രണത്തിന്റേത്. ജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് വികസനം സർവ്വതലസ്പർശിയാക്കിയ മുന്നേറ്റം ലോകത്തിന് മുന്നിൽ അധികാരവികേന്ദ്രീകരണത്തിന്റെ കേരള മാതൃക തീർത്തു. നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്, ജനകീയാസൂത്രണത്തിന്റെ പാഠങ്ങൾ ദിശാബോധം നൽകുമെന്നും മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണ രജത ജൂബിലിക്ക് വിപുലമായ സമാപനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Home /പൊതു വാർത്തകൾ/ജനകീയാസൂത്രണ രജത ജൂബിലിക്ക് വിപുലമായ സമാപനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ