പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് കീഴിലെ എല്ലാ വാർഡുകളിലേയ്ക്കും 55 വൃക്ഷത്തൈകൾ വിതരണം ചെയ്ത് കൊടുങ്ങല്ലൂർ നഗരസഭ. നെല്ലി, ഞാവൽ, എലഞ്ഞി, പൂവരശ്, സീതപ്പഴം കണിക്കൊന്ന, നീർമരുത്, നാരകം, രക്തചന്ദനം, പ്ലാവ്, പേര തുടങ്ങി വിവിധയിനം തൈകൾ വീതമാണ് ഓരോ വാർഡിലേയ്ക്കും നൽകിയത്.

വൃക്ഷത്തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തം വീടുകളിലും നഗരസഭാ പ്രദേശത്തെ പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കും.
നിലവിൽ നഗരസഭയുടെ കീഴിൽ മൂന്ന് പച്ചത്തുരുത്തുകളാണ് ഉള്ളത്. അത് കൂടുതൽ വിപുലമാക്കാനും പരിപാലിക്കാനും നഗരസഭ നടപടികളെടുക്കും.

നഗരസഭാതല വൃക്ഷതൈ വിതരണോദ്ഘാടനം ചെയർപേഴ്സൺ എം യു ഷിനിജ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലതഉണ്ണികൃഷ്ണൻ,എൽസി പോൾ, ഒ എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, ഓവർസിയർ പ്രിയ പോൾ എന്നിവർ പങ്കെടുത്തു.