മാനസിക വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകർന്ന് ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകി ജില്ലാ മാനസികാരോഗ്യകേന്ദ്രം. താളം തെറ്റിയ മനസുമായി എത്തുന്ന അന്തേവാസികൾക്ക് ഉപജീവനമാർഗം ഒരുക്കി നൽകിയാണ് മാനസികാരോഗ്യകേന്ദ്രം മാതൃകയാകുന്നത്. ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത്.

പേപ്പർ ബാഗ്, മെഴുകുതിരി ,സോപ്പ്, സോപ്പ് പെട്ടി, സാനിറ്റൈസർ, ഫെനോയിൽ, ചവിട്ടി, ജ്യൂട്ട് ബാഗ്, മെഡിസിൻ ബൂക്ക്, ബ്രഡ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്.  ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള അവസരവും സൊസൈറ്റി ഒരുക്കുന്നുണ്ട്.
സേവനപാതയിൽ 23 വർഷം പിന്നിടുന്ന സൊസൈറ്റി മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്ന്  ആത്മവിശ്വാസമുള്ളവരാക്കി തീർക്കുകയാണ്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ അന്തേവാസികൾ ഏർപ്പെടുന്നത്.
സൊസൈറ്റിയുടെ നവീകരിച്ച ലഘുഭക്ഷണ ശാലയുടെയും സ്റ്റേഷനിയുടെയും ഉദ്ഘാടനം എഡിഎം റെജി പി ജോസഫ് നിർവ്വഹിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലാണ് ഭക്ഷണശാലയും സ്റ്റേഷനറിയും ഒരുക്കിയിട്ടുള്ളത്. സൂപ്രണ്ട് ടി ആർ രേഖ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്  ജോസഫ് സണ്ണി, സൊസൈറ്റി ഫോർ ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.