പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന നവകേരളം പച്ചത്തുരുത്ത് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകീട്ട് നാലിന് അയ്യപ്പൻ കാവിലെ 136 ഏക്കർ പച്ചത്തുരുത്തിൽ  തൈ നട്ടാണ് മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുക. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്തി എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാവും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പദ്ധതി വിശദീകരിക്കും.
കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം എൽ എ എന്നിവർ മുഖ്യാതിഥികളാവും. പച്ചത്തുരുത്ത് ബ്രോഷർ പ്രകാശനം ഡോ. വി ശിവദാസൻ എം.പി. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ എന്നിവർ പങ്കെടുക്കും. മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 136 ഏക്കർ ഭൂമിയുടെ ഒരു ഭാഗത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. അയ്യപ്പൻ കാവിൽ അഞ്ച് ഏക്കർ ഭൂമിയിൽ പച്ചത്തുരുത്ത് നിലവിലുണ്ട്. 136 ഏക്കറിൽ പച്ചത്തുരുത്ത്  ഉൾപ്പെടെ  ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കാനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.