മലപ്പുറം ജില്ലയെ പരിസ്ഥിതി സൗഹാർദമാക്കാൻ ‘കാർബൺ ന്യൂട്രൽ മലപ്പുറം’ എന്ന ആശയം അഞ്ച് വർഷം കൊണ്ട് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ‘വൃക്ഷ സമൃതി’ തൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാവനൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലയിലെ തരിശ് നിലങ്ങൾ മിയാവാക്കി വനമാക്കി സംരക്ഷിക്കണമെന്നും അവർ പറഞ്ഞു.

ജില്ലയുടെ വിവിധയിടങ്ങളില്‍ നട്ടുപിടിപ്പിക്കാനായി വൃക്ഷ സമൃതി പദ്ധതിയിൽ 214000 ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. മാവ്, പ്ലാവ്, മഹാഗണി, കണിക്കൊന്ന, സീതപ്പഴം, നെല്ലി, നീര്‍മരുത്, മണിമരുത് , പേര, വേങ്ങ,താന്നി, കുമ്പിള്‍, പൂവ്വരശ് എന്നിവയാണ് മുഖ്യമായും വിതരണം ചെയ്യുക. പരിസ്ഥിതി സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഫലവൃക്ഷ തൈകള്‍ കൈമാറി. സാമൂഹിക വനവത്കരണ വിഭാഗം ഇത്തവണ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വൃക്ഷതൈകള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. നട്ടുപിടിപ്പിക്കുന്ന തൈകളുടെ പരിപാലനം തുടര്‍ന്നുള്ള മൂന്ന് വര്‍ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍വഹിക്കും.