കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമായ മണ്ണിടിച്ചല്‍ ഭീഷണി നേരിടുകയാണ് വൈത്തിരി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍. മൂന്നുദിവസം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല, മേല്‍മുറി, സേട്ടുക്കുന്ന് എന്നിവിടങ്ങളിലെ മൂന്നൂറോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും കുടുംബ വീടുകളിലും അഭയം തേടി. പ്രദേശത്ത് തിങ്കളാഴ്ച പുലര്‍ച്ചെയും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം പകല്‍സമയത്ത് പോലും ഇവിടെ ഉരുള്‍പൊട്ടലുണ്ടായി. ഓടി രക്ഷപ്പെട്ടതിനാല്‍ അറുപതിലധികം പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി. സേട്ടുക്കുന്നിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. ജനവാസകേന്ദ്രമായ കുറിച്യര്‍മലയില്‍ ഒമ്പതു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരുപതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. സേട്ടുക്കുന്നില്‍ നാലു വീടുകള്‍ പൂര്‍ണമായി തകരുകയും നൂറോളം വീടുകളെ ഉരുള്‍പൊട്ടല്‍ ബാധിക്കുകയും ചെയ്തു. പാടത്തും പീടിയേക്കല്‍ പി.പി മൊയ്തുവിന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മണ്‍കൂന മാത്രമാണ് ബാക്കി. 10 പശുക്കളടക്കം ഇദ്ദേഹത്തിന്റെ ഡയറി ഫാം മണ്ണിനടിയിലായി. പുതിയപറമ്പില്‍ ബീക്കുട്ടിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ വീട് തകര്‍ന്നടിഞ്ഞു. പുതിയ പറമ്പില്‍ ലത്തീഫ്, ഹംസ തെക്കുംപാടന്‍, കുഞ്ഞീമ, ഹാരിസ് മൈതാനിക്കുന്ന്, സൂപ്പി ചോലക്കല്‍, സിദ്ദീഖ് കോടിയാടന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. സേട്ടുക്കുന്ന് പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ സരസ്വതി വിലാസം മുരുകവേലു, പുളിക്കത്തൊടി സുലൈമാന്‍, ചിറക്കല്‍ സുലോചന, ചിറക്കല്‍ കാര്‍ത്തു എന്നിവരുടെ വീടുകള്‍ തകര്‍ന്നു. ഇവിടേക്കുള്ള റോഡുകളും പാടെ തകര്‍ന്നിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. ഏകദേശം 25 ഹെക്റ്റര്‍ കൃഷിയിടം ഒലിച്ചുപോയി. കുറിച്യര്‍മല ഗവ. എല്‍പി സ്‌കൂളും ഒറ്റപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തില്‍ ഭൂമി ഒലിച്ചുപോയിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി താല്‍ക്കാലികമായി കാല്‍നടയാത്രയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.