ചുരം റോഡില്‍ വിണ്ടുകീറിയ ഭാഗം, ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. താമരശേരി ചുരത്തില്‍ റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് രണ്ടാം വളവില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി ചുരം സന്ദര്‍ശിച്ചത്. അപകടാവസ്ഥയിലായ കെട്ടിടത്തിന് സമീപത്തെ വലിയ മരം ദുരന്ത നിവാരണത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ മുറിച്ചു നീക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ചുരം റോഡിലെ ഇത്തരത്തിലുള്ള മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മട്ടിക്കുന്ന് പാലവും മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ പുഴ ഗതിമാറിയൊഴുകി തകര്‍ന്ന കണ്ണപ്പന്‍കുണ്ടിലെ വീടുകളും പാലവും സന്ദര്‍ശിച്ചു. മൈലള്ളാംപാറ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍, മണല്‍വയല്‍ എകെടിഎം എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മന്ത്രി ദുരിതബാധിതരെ ആശ്വസിപ്പിച്ചു. മൈലള്ളാംപാറ സ്‌കൂള്‍ ക്യാമ്പില്‍ 103 കുടുംബങ്ങളിലായി 353 പേരും മണല്‍വയല്‍ സ്‌കൂളിലെ ക്യാമ്പില്‍ 108 കുടുംബങ്ങളിലായി 361 പേരുമാണ് കഴിയുന്നത്.പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ ക്ഷേമ പെന്‍ഷനുകളുടെ വിതരണ ഉദ്ഘാടനം മൈലള്ളാംപാറ ക്യാമ്പില്‍ മന്ത്രി നിര്‍വഹിച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ, മഹാ വേദനയായി മാറിയ ഈ ദുരന്തത്തില്‍ ആരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു. വീടും ഭൂമിയും കൃഷിയും കൃഷി ഭൂമിയുമടക്കം സര്‍വവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പരമാവധി സഹായം സമയബന്ധിതമായി എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഡി ജോസഫ്, അന്നമ്മ മാത്യു, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ് എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.