ജില്ലയിലെ നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലഞ്ഞി തൈ നട്ടുകൊണ്ട് എം.എല്‍.എ. ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. 1850 ലേറെ പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനമൊട്ടാകെ പരിപാലിച്ചു വരുന്നുണ്ട്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്തുകളെ വ്യാപിപ്പിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് നവകേരളം പച്ചത്തുരുത്തുകള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന തലത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേത്യത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി, തദ്ദേശീയമായ വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി അവയുടെ പരിപാലനം ഉള്‍പ്പെടെ നിര്‍വ്വഹിച്ച് ചെറുവനങ്ങളുടെ മാതൃകകള്‍ രൂപപ്പെടുത്തുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് ഭൂമി മുതല്‍ പച്ചത്തുരുത്തിനായി ഉപയോഗിക്കാം. പ്രാദേശിക വൈവിധ്യം സംരക്ഷിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതുമാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പരിധിയിലുള്ള 30 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയില്‍ നിന്നുമുള്ള ഔഷധ തൈകളും ഫലവൃക്ഷത്തൈകളുമാണ് പച്ചത്തുരുത്തില്‍ നടുന്നത്. പച്ചത്തുരുത്തിന്റെ തുടര്‍പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പി.ടി.എ യുടെ സഹരണത്തോടെ നടപ്പിലാക്കും.
നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, വികസന കാര്യ ചെയര്‍മാന്‍ രാജു ഹൈജമാടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി. അബ്ദുള്‍ അസീസ്, വാര്‍ഡ് മെമ്പര്‍ ജോബിഷ് കുര്യന്‍, മെമ്പര്‍ ബി. നാസര്‍, പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.സാബു, തൃക്കൈപ്പറ്റ സഹരണ ബാങ്ക് പ്രസിഡന്റ് ബി സുരേഷ് ബാബു, അസി. സെക്രട്ടറി സലിം പാഷ, ഹരിത കേരളം മിഷന്‍ ആര്‍.പി കെ.പി. അഖില, കൃഷി ഓഫീസര്‍ കെ .ആര്‍ ഷിരണ്‍ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍, സ്‌കൂള്‍ അധ്യാപകര്‍, എസ്.പി.സി കേഡറ്റുകള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.