സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ച് പോർക്കുളം ഗ്രാമപഞ്ചായത്ത്. പോർക്കുളം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം ജനമൈത്രി പൊലീസാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സ്തീകൾക്കും കുട്ടികൾക്കും സ്വയം സംരക്ഷണം ഉറപ്പാക്കുക, പെൺകുട്ടികളെ സ്വയം പ്രതിരോധത്തിനായി സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
ഒരാൾ മുന്നിൽ നിന്ന് ഉപദ്രവിച്ചാൽ അതിനെ എങ്ങനെ നേരിടാം, അപ്രതീക്ഷിത ആക്രമണങ്ങളെ മറികടക്കാനും ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കാനുമുള്ള വിവിധ മാർഗങ്ങൾ തുടങ്ങി പല സാഹചര്യങ്ങളെ നേരിടാനുള്ള ഡെമോ പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു.
കേരള പൊലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 2015 മുതൽ ജില്ലയിൽ വിവിധയിടങ്ങളിലായി ഇത്തരം പരിശീലന പരിപാടികളും ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്ലാസും മൂന്ന് ദിവസത്തെ പരിശീലന ക്ലാസുമാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തുക. പോർക്കുളം പഞ്ചായത്തിൽ അടുത്ത മാസം മൂന്ന് ദിവസത്തെ പരിശീലന ക്ലാസ് നടത്തുമെന്ന് പോർക്കുളം സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മണികണ്ഠൻ പറഞ്ഞു.
സെൽഫ് ഡിഫെൻസിൽ പ്രത്യേകം പരിശീലനം ലഭിച്ച സീനിയർ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഐ എ ഷീജ, പി ബി ഷിജി, പി കെ പ്രജിഭ എന്നിവരാണ് ക്ലാസ് നയിച്ചത്. പെൺകുട്ടികൾക്കും അമ്മമാർക്കും പ്രത്യേകമായി പോർക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ബോധവൽക്കരണ -ഡെമോ ക്ലാസിൽ എഴുപതോളം പേർ പങ്കെടുത്തു.
സെൽഫ് ഡിഫൻസ് പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, വാർഡ് മെമ്പർ സുധന്യ, വിജിത, അഖില, കുന്നംകുളം ജനമൈത്രി സി.പി.ഓ ഓഫീസറായ രാഹുൽ , കുടുംബശ്രീ അംഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.