തൃശൂര്‍ ജില്ലാ ആരോഗ്യ വകുപ്പിന്റേയും വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ കുട്ടിയും അവരവരുടെ വീടുകളില്‍ നിന്നും തുടങ്ങണമെന്ന് ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടനം മുന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ഭൂമിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ച് വിശദമായി കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത സി. രവീന്ദ്രനാഥ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കണമെന്ന് അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ പ്രേമകുമാര്‍ കെ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരേയൊരു ഭൂമി എന്ന വിഷയത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളായ ബിപിന്‍ ബാബു, അശ്വതി വി, ശ്രീഹരി കെ.എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. വിജയി കള്‍ക്ക് 10000, 7500, 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുകയും സൃഷ്ടികള്‍ പട്ടിക്കാട് സ്‌കൂളിന് തന്നെ സമര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ പട്ടിക്കാട് ജിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റര്‍ സോമന്‍ എം.കെ സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ് കെ.എന്‍ നന്ദിയും പറഞ്ഞു.