ശൈശവ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളും വിഷയത്തിന്റെ കാലിക പ്രസക്തിയും ചര്‍ച്ച ചെയ്ത്’ശൈശവ വിവാഹ നിരോധന നിയമം’ ഏകദിന ശില്‍പശാല. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു വികസന ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.

ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇത്തരം ശില്‍പശാലകളിലൂടെ ഇനിയും ചര്‍ച്ചകള്‍ ഉയര്‍ന്ന് വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിംഗസമത്വം എന്ന കാഴ്ചപ്പാട് നിലനില്‍ക്കുമ്പോഴും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര സമത്വം ലഭിക്കുന്നില്ലെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ഉഷ ബിന്ദുമോള്‍അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് സെഷനുകളിലായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.’ചൈല്‍ഡ് മാര്യേജ് ആന്‍ഡ് ജെന്റര്‍ ഇക്വാളിറ്റി ‘എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് അമല മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്‍ നിജി വിജയന്‍ നേതൃത്വം നല്‍കി. ലിംഗസമത്വം, ശൈശവ വിവാഹത്തിന്റെ ദോഷഫലങ്ങള്‍, ശൈശവ വിവാഹം തടയുന്നതിന് സമൂഹത്തെ എങ്ങനെ ബോധവാന്‍മാരാക്കം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറിന്റെ ഭാഗമായി ചര്‍ച്ച ചെയ്തു.

‘ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ആക്ട് 2006’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് അഡ്വ.ഗെയില്‍ ജോയ് ചേറ്റുപുഴ നേതൃത്വം നല്‍കി. നിയമത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍, പരാതി -ശിക്ഷകള്‍, നിയമവശങ്ങള്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം തുടങ്ങി ശൈശവ വിവാഹ നിരോധന നിയമം 2006മായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ശൈശവ വിവാഹം സംബന്ധിച്ചുള്ള കേസ് ഡയറികള്‍ ഉള്‍പ്പെടെ സെമിനാറിന്റെ ഭാഗമായി ചര്‍ച്ചയില്‍ വന്നു. സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനമാണ് സ്ത്രീ ശാക്തീകരണം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആധുനിക കാലഘട്ടത്തിലും ശൈശവ വിവാഹത്തെ കുറിച്ചുള്ള അറിവില്ലായ്മ നിലനില്‍ക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് ശില്‍പശാല വിലയിരുത്തി.

ശില്‍പശാലയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ജി മഞ്ജു, വനിതാ സംരക്ഷണ ഓഫീസര്‍ എസ് ലേഖ, സി ഡി പി ഒ സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു