പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അരണാട്ടുകര ഗവ.യു.പി സ്‌കൂളിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തില്‍
സന്ദര്‍ശനം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എന്‍ ജെ ബിനോയ്, ആരോഗ്യമിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍ രാഹുല്‍, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ ഡി ബിനു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തിയത്. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറി തുടങ്ങിയവ പരിശോധിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് സംഘം മടങ്ങിയത്.

ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍, നൂണ്‍മീല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലകളിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണ നിലവാരം സംബന്ധിച്ച് രണ്ട് ദിവസം കൊണ്ട് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എന്‍.എം.ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 59 സ്‌കൂളുകളിലാണ് ഇന്നലെ സന്ദര്‍ശനം നടന്നത്.

ജില്ലയില്‍ നാല് ഡിപ്പോയില്‍ നിന്നാണ് ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 2,42,174 കുട്ടികളാണ് ഭക്ഷണം കഴിച്ചത്.
21 സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും അരി ലഭ്യമാക്കുന്നുണ്ട്. 954 സ്‌കൂളുകളിലായി 1 മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികളാണ് ഭക്ഷണം കഴിക്കുന്നത്.
ആയിരത്തിലധികം പാചക തൊഴിലാളികള്‍ ജില്ലയിലുണ്ട്. ഇവരുടെ ആരോഗ്യപരിശോധനയും നടന്നുവരികയാണ്. എല്ലാ സ്‌കൂളിലെയും കുടിവെള്ള പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. 50 ജലപരിശോധനാ ലാബുകള്‍ സ്‌കൂളുകളിലുണ്ട്. ഈ ലാബുകളെ ഉപയോഗിച്ച് അടുത്ത വര്‍ഷം മുതല്‍ ആറ് മാസം കൂടുമ്പോള്‍ പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.