കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ണറായി നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എൻ.ടി.ടി.എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാറിൽ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസും എൻ.ടി.ടി.എഫ് ജോയിന്റ്  മാനേജിംഗ് ഡയറക്ടർ ആർ.രാജഗോപാലനും  കരാർ കൈമാറി.
പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വ്യവസായ കേന്ദ്രീകൃതമായ  നൈപുണ്യ പരിശീലനം നൽകുന്നതിനും, പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനും സ്‌കിൽ പാർക്ക്  പരിപാലിക്കുന്നതിനും അടുത്ത പത്തു വർഷത്തേക്കുള്ള കരാറാണ് ഒപ്പുവെച്ചത്. ഇതുവഴി പ്രതിവർഷം നാനൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ  രൂപകൽപ്പന ചെയ്തിരിക്കുന്ന ഡിപ്ലോമയും സർട്ടിഫിക്കറ്റ് നൈപുണ്യ പ്രോഗ്രാമുകളുമാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെ പ്രത്യേകത. ഡിപ്ലോമ ഇൻ ടൂൾ എൻജിനിയറിംഗ് ആൻഡ്  ഡിജിറ്റൽ മാനുഫാക്ചറിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ ആൻഡ് സി.എൻ.സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ, ഓപ്പറേറ്റർ-കൺവെൻഷണൽ മില്ലിംഗ് ആൻഡ്  സി.എൻ.സി  ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിംഗ് സെന്റർ, ഓപ്പറേറ്റർ- കൺവെൻഷണൽ ടേണിംഗ്, സി.എൻ.സി ഓപ്പറേറ്റർ ടേണിംഗ് എന്നീ അതിനൂതന കോഴ്സുകൾ സംഘടിപ്പിക്കും.
അസാപ് കേരള സി.എസ്.പി ഹെഡ് ലെഫ്. കമാണ്ടർ(റിട്ടയർഡ്) സജിത്ത് കുമാർ ഇ.വി, അസാപ് കേരള ട്രെയിനിങ്ങ് ഹെഡ്  ലൈജു ഐ.പി നായർ, അസാപ് കേരള പ്രോഗ്രാം മാനേജർമാരായ ജിതേഷ് പി വി, പ്രജിത്ത് കെ, കെഎൻ.ടി.ടി.എഫ് എക്‌സിക്യൂട്ടിവ് സെക്രട്ടറി കൃഷ്ണമൂർത്തി ബി എസ്, എൻ.ടി.ടി.എഫ്  പ്രിൻസിപ്പൽ അയ്യപ്പൻ ആർ, ഡെപ്യൂട്ടി മാനേജർ (ട്രെയിനിംഗ്) സുധീഷ് തമ്പി എസ്, ഡെപ്യൂട്ടി മാനേജർ മെയിന്റനൻസ് ശ്രീജിത്ത് ജെറാൾഡ്, അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) രത്‌നേഷ് ടി എന്നിവർ പങ്കെടുത്തു.