ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷനായിരുന്നു.

നടപ്പുവര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി വിഹിതം പൊതുവിഭാഗം ഇനത്തില്‍ 2.85 കോടി രൂപയും, പട്ടികജാതി വിഭാഗം വികസന ഫണ്ടായി 49.87 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ വികസന ഫണ്ടിനത്തില്‍ 37.87 ലക്ഷം രൂപയും, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി 1.37 കോടി രൂപയും ഉള്‍പ്പെടെ ആകെ വികസന ഫണ്ട് 5.11 കോടി രൂപ പ്രതീക്ഷിക്കുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനങ്ങളുടെ മെയിന്റനന്‍സ്, ഘടക സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകള്‍, ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളായ കഞ്ഞിക്കുഴി, വാത്തിക്കുടി സിഎച്ച്സി കളില്‍ ആവശ്യമായ മരുന്ന് വാങ്ങല്‍ എന്നിവയ്ക്കായി മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ 1.13 കോടി രൂപയും പ്രതീക്ഷിക്കുന്നതായി സെക്രട്ടറി മുഹമ്മദ് സബീര്‍ പി.എ യോഗത്തില്‍ അറിയിച്ചു.

പൊതുവിഭാഗം വികസന ഫണ്ടിനത്തില്‍ ലഭ്യമാകുന്ന തുകയില്‍ നിന്നും 68.57 ലക്ഷം രൂപ ഉല്‍പ്പാദന മേഖലയിലെ വിവിധ പദ്ധതികള്‍ക്കായും 74.69 ലക്ഷം രൂപ ലൈഫ് മിഷന്‍ പിഎംഎവൈ പദ്ധതിയ്ക്കുള്ള ബ്ലോക്ക് വിഹിതമായും 31.63 ലക്ഷം വനിതാ ഘടക പദ്ധതിയിലും 15.81 ലക്ഷം രൂപ ശിശുക്കള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗത്തിനും വകയിരുത്തും. 15.81 ലക്ഷം രൂപ വൃദ്ധ ജനങ്ങളുടെയും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരുടെയും ക്ഷേമത്തിനായും ആവശ്യമുണ്ട്. ഉല്‍പാദന മേഖലയില്‍ ക്ഷീര കര്‍ഷകരുടെ പുരോഗതിക്കായും കാര്‍ഷിക മേഖലയുടെ പുരോഗതിക്കായും ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 1.38 കോടി രൂപ വകയിരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.

ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും, യാത്രാബത്തയും നില്‍കുന്നതിനായി 15.80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ അഗതി ആശ്രയ പദ്ധതിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതം നല്‍കുന്നതിനും യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ ഏറ്റടുക്കുന്നതിനും പഞ്ചായത് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ തുക നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതാണെന്നും യോഗത്തില്‍ അറിയിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനോദ് കുമാര്‍, ജിന്‍സി ജോയി, സിന്ധു ജോസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആന്‍സി തോമസ്, ഉഷ മോഹനന്‍, ബിനോയി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ ജോയി തോമസ് കാട്ടുപാലം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.