വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹെല്‍ത്ത് ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. മുതുവട്ടൂരിലെ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഹെല്‍ത്ത് ക്ലബ്ബിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,23,554 രൂപ ചെലവഴിച്ചാണ് രണ്ടാം നിലയിലെ പണി പൂര്‍ത്തീകരിച്ചത്. കൂടാതെ ഹെല്‍ത്ത് ക്ലബ്ബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം 3.5 ലക്ഷം രൂപയാണ് വ്യായാമ ഉപകരണങ്ങള്‍ക്കായി വിനിയോഗിച്ചത്.

ജീവിതശൈലി രോഗങ്ങളില്‍ നിന്ന് വനിതകള്‍ക്ക് സംരക്ഷണം നല്‍കി അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരസഭയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സൈക്കിള്‍ വര്‍ക്കൗട്ട്, ഹിപ്പ് വര്‍ക്കൗട്ട്, ബോട്ടിങ്ങ് വര്‍ക്കൗട്ട്, ജിം ബോള്‍, മാനുവല്‍ ട്രെഡ്മില്‍, ലെഗ് പ്രസ്, മള്‍ട്ടി ജിം എന്നിങ്ങനെ ആധുനിക സൗകര്യങ്ങളോടെയാണ് ഹെല്‍ത്ത് ക്ലബ് ഒരുക്കിയിട്ടുള്ളത്.

കോവിഡിന് ശേഷം വനിതകള്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഹെല്‍ത്ത് ക്ലബ് ആരംഭിക്കാന്‍ നടപടികളെടുത്തതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ (ജൂണ്‍ 10) വൈകുന്നേരം 4 മണിക്ക് എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സക്കീര്‍ഹുസൈന്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.