അമരമ്പലം റെസിഡന്‍ഷ്യല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു

സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഗോത്രവിഭാഗ കുട്ടികള്‍ക്കായി ഉള്ളാട് അമരമ്പലം ഗവ എല്‍.പി സ്‌കൂള്‍ പരിസരത്ത് ആരംഭിക്കുന്ന റെസിഡന്‍ഷ്യല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ പ്രവേശനം നേടാതിരിക്കുകയോ പഠനം പാതിവഴിയില്‍ നിര്‍ത്തുകയോ ചെയ്ത പട്ടിക വര്‍ഗക്കാരായ കുട്ടികളെ വിവരശേഖരണത്തിലൂടെ കണ്ടെത്തി അടിസ്ഥാന ശേഷികള്‍ ഉറപ്പുവരുത്തി പൊതുവിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യമാണ് റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ സംവിധാനം വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ്. ആര്‍.കെ. അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ. സ്വാഗതം പറഞ്ഞു. റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ ഇല്ലിക്കല്‍ നിര്‍വഹിച്ചു.

അമരമ്പലം ജി.എല്‍.പി.എസ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ സമഗ്ര ശിക്ഷാ കേരളം 1.72 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ആധുനിക സൗകര്യങ്ങളുള്ള റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെ നിര്‍മാണചുമതല കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ്. ഗോത്രവര്‍ഗ വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഉടമകളാക്കുന്നതിന് ലക്ഷ്യമിട്ട് നിര്‍മിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലില്‍ അടുക്കള, ഭക്ഷണമുറി, ശൗചാലയങ്ങള്‍, ലൈബ്രറി വിനോദങ്ങള്‍ക്കായുള്ള മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ കിടപ്പുമുറികള്‍, വിശാലമായ വരാന്ത കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

സമഗ്രശിക്ഷാ കേരളം പ്രാധാന്യത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഗോത്രവര്‍ഗമേഖല കേന്ദ്രീകൃത വിദ്യാഭ്യാസം. ഗോത്രവര്‍ഗമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്ന മുഴുവന്‍ സാഹചര്യങ്ങളെയും മറികടക്കുന്നതിനും ഗോത്രവര്‍ഗ വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഉടമകളാക്കുന്നതിനും ലക്ഷ്യമിട്ടാണ് റെസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ എന്ന സംവിധാനം ജില്ലയില്‍ ആരംഭിച്ചത്. വിദ്യാലയത്തില്‍ പ്രവേശനം നേടാത്തതും നിര്‍ത്തിയതുമായ കുട്ടികളെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ ഔട്ട്ഓഫ് സ്‌കൂള്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പഠനം പാതിവഴിയിലായ കുട്ടികള്‍ക്ക് നിലമ്പൂര്‍ ആസ്ഥാനമാക്കി 2017 ല്‍ ആരംഭിച്ചതാണ് ഷെല്‍ട്ടര്‍ എന്ന പേരിലുള്ള റെസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍. നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ സംവിധാനത്തിന്റെ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് പട്ടികവര്‍ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് താമസിച്ച് തൊട്ടടുത്തുള വിദ്യാലയത്തില്‍ പഠനം ഉറപ്പുവരുത്തുന്നതിനായി ആധുനികസൗകര്യങ്ങളുള്ള സ്ഥിരം ഹോസ്റ്റല്‍ കെട്ടിടം എന്ന ആശയത്തില്‍ എത്തുന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസിയസ് വിദ്യാലയ എന്നാണ് ഈ റെസിഡന്‍ഷ്യല്‍ ഹോസ്റ്റലിന് പേര് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ഈ ഹോസ്റ്റലില്‍ ഗോത്രവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 50 ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനമുണ്ടാകുക. വാര്‍ഡന്‍, ട്യൂട്ടര്‍മാര്‍, അറ്റന്‍ഡര്‍ എന്നീ ജീവനക്കാരുമുണ്ടാകും. ഹോസ്റ്റല്‍ മാനേജ്മെന്റ് കമ്മിറ്റി നിര്‍ദേശിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണവും പരിചരണവും ഉറപ്പുവരുത്തും. ജില്ലയിലെ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്ക് ഏറെ സഹായകമാകുന്നതാകും ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. നിലവില്‍ താത്ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഈ ഹോസ്റ്റലില്‍ 35 കുട്ടികളാണുള്ളത്.