കല്‍പ്പറ്റ: പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ, എക്കാലത്തെയും വലിയ ദുരന്തമായ പ്രകൃതിക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരുമയോടെ. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മത-രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും നൂറുകണക്കിന് പൊതുജനങ്ങളും ദുരിതബാധിതര്‍ക്കായി കൈകോര്‍ത്തു. വ്യോമസേന, ആര്‍മി, ദേശീയ ദുരന്തനിവാരണ സേന, നാവികസേന അടക്കം ഫയര്‍ഫോഴ്സ്, പൊലിസ് വിഭാഗങ്ങളും പൊതുജനങ്ങളും കൈകോര്‍ത്തുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെങ്ങും കാണുന്നത്. സഹായങ്ങളുമായി ജില്ലയ്ക്കു പുറത്തുനിന്നും ധാരാളം പേരെത്തുന്നു. ജില്ലാ ഭരണകൂടം മുഖേന മാത്രമേ സഹായങ്ങള്‍ നല്‍കാവൂ എന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ച മാത്രം മുപ്പധിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കളക്ടറേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. വ്യാപര സംഘടനകള്‍, ചാരിറ്റി ട്രസ്റ്റുകള്‍, സ്വാശ്രയ സംഘങ്ങള്‍, അയല്‍ സംസ്ഥാനങ്ങളിലെ വിവിധ സമാജങ്ങള്‍, വിവിധ അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി, കുടാതെ വ്യക്തികളും പണമായും സാധനങ്ങളായും കളക്ടറേറ്റിലെ ജില്ലാ ആസൂത്രണഭവിലെത്തി സംഭാവന നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം ഐ.എ.എസും ഡറ്റോള്‍ അടക്കമുള്ള സാധനങ്ങള്‍ നല്‍കി.
ലോറിയിലും മറ്റുമായി ലോഡുകണക്കിന് അരി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളുമായി എത്തിയപ്പോള്‍ അവ മുഴുവന്‍ ഇറക്കിയതും തരംതിരിച്ചതും ചെറുവാഹനങ്ങളിലേക്ക് കയറ്റിയതും കളക്ടറേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്. വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പോലും ചുമടെടുപ്പില്‍ വ്യാപൃതരായി. ചിലര്‍ അരിച്ചാക്ക് ചുമക്കുമ്പോള്‍ മറ്റുചിലര്‍ വെള്ളത്തിന്റെ ബാരലുകള്‍ ചുമലിലേറ്റുന്ന കാഴ്ച. വേറെ ചിലരാവട്ടെ, ഗ്രാമങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും നല്‍കാനായി ഓരോ കിറ്റുകളാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്. തമിഴ്നാട്ടില്‍ നിന്നുപോലും തിങ്കളാഴ്ച സാധനങ്ങളുമായി സുമനസുകളെത്തി. കളക്ടറേറ്റില്‍ ശേഖരിക്കുന്നവ ക്യാമ്പുകളില്‍ എത്തിക്കാന്‍ സൗജന്യമായി വാഹനങ്ങള്‍ വിട്ടു നല്‍കിയവരുണ്ട്. മുഴുവന്‍ സമയവും സേവനത്തിനെത്തിയവരുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. പ്രശംസനീയമായ തരത്തിലാണ് പൊതുജനങ്ങള്‍ ദുരിതത്തെ നേരിട്ടത്. വരുംദിവസങ്ങളിലും വയനാടിന് സഹായവുമായി എത്തുമെന്നു നിരവധി പേര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും വിശ്രമമില്ലാത്ത രാപ്പകലുകളാണ്.
