* ഇന്ദ്രന്‍സ് ഉയരങ്ങളിലെത്തിയത് അപാരഅഭിനയസിദ്ധിയിലൂടെ- മുഖ്യമന്ത്രി
സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സിന് തലസ്ഥാനത്തിന്റെ സ്‌നേഹസ്വീകരണം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.
ചെറിയവേഷങ്ങളില്‍ നിന്ന് അപാര അഭിനയസിദ്ധിയിലൂടെയാണ് ഇന്ദ്രന്‍സ് ഉയരങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ദ്രന്‍സിനെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. 90 കളില്‍ ചിരിപ്പടങ്ങളിലൂടെ തലകാണിച്ച് അഭിനയരംഗത്ത് സജീവമായ അദ്ദേഹം മുഖ്യധാരാ സിനിമകളിലെ അഭിഭാജ്യഘടകമായി. അദ്ദേഹത്തിന്റെ ശരീരത്തെ ചിരിപ്പിക്കാനുള്ള ഉപാധിയായി മുഖ്യധാരാ സിനിമകളില്‍ ഉപയോഗിക്കുകയായിരുന്നു. അങ്ങനെ പരിമിതപ്പെടുത്തിയ വേഷങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അപാര അഭിനയ സിദ്ധിയിലൂടെയാണ്. നമുക്കിടയിലെ സാധാരണ മനുഷ്യന്റെ പ്രതിരൂപമാണ് അദ്ദേഹം. മുഖ്യനടനാവാന്‍ തടസ്സമായിട്ടുള്ള ഈ സാധാരണത്വം അഭിനയമികവിലൂടെ അദ്ദേഹം ശ്രദ്ധേയമായി മറികടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
് ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുകേഷ് എം.എല്‍.എ, കെ.പി.എ.സി ലളിത, മണിയന്‍പിള്ള രാജു, പ്രേംകുമാര്‍, എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, സി. അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തലസ്ഥാനത്തെ പൗരാവലിക്കൊപ്പം ടൂറിസം വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, മലബാര്‍ സിമന്റ്‌സ്, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.