വിവാഹത്തിന്റെ പേരിൽ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നൽകാൻ സാധിക്കുന്ന വെബ് പോർട്ടലുമായി വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യാൻ http://wcd.kerala.gov.in/dowry എന്ന ലിങ്ക് ഉപയോഗിക്കാം. സ്ത്രീധന ദുരിത ബാധിതരായ സ്ത്രീകൾ, മാതാപിതാക്കൾ, ബന്ധുക്കൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പരാതി ഫയൽ ചെയ്യാം.പോർട്ടലിലൂടെ മുഖ്യ സ്ത്രീധന നിരോധന ഓഫീസർക്ക് പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സാധിക്കും.

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് ഈ പോർട്ടൽ തയ്യാറാക്കിയിട്ടുള്ളത്. ലഭിക്കുന്ന പരാതികൾ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥർക്ക് (ഡിഡിപിഒ) കൈമാറും. പരാതിക്കാരൻ തെരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കിൽ പൊലീസ് സഹായവും നിയമസഹായവും നൽകും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഡിഡിപിഒ പ്രിതിനിധി പരാതിക്കാരുമായി ബന്ധപ്പെടും. പൊലീസിന്റെയും നിയമവിദഗ്ധരുടെയും സഹായവും സൈക്കോളജിക്കൽ കൺസൽട്ടേഷൻ എന്നീ സഹായങ്ങൾ ആവശ്യമാണെങ്കിൽ വകുപ്പ് കാതോർത്ത് പദ്ധതി മുഖേന സഹകരിച്ച് നൽകും.

പരാതി പോർട്ടലിലൂടെയുള്ള സേവനം തികച്ചും സൗജന്യമാണ്. സ്ത്രീ സംരക്ഷണ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച പോർട്ടൽ സ്ത്രീധനത്തെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജമാണ്.