ഒരാഴ്ച്ചയായി ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ മൊത്തം 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. നിരവധി വീടുകളും റോഡുകളും പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. ചില പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മിലിട്ടറി എഞ്ചിനിയറിങ് വിഭാഗത്തില്‍ നിന്ന് ക്യാപ്റ്റന്‍ കുല്‍ദീപ് സിങ് റാവത്തിന്റെ നേതൃത്വത്തില്‍ 37അംഗ സംഘമാണ് ജില്ലയിലെത്തിയത്. പ്രധാന നാലു പ്രൊജക്ടുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മിലിട്ടറി വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. വാളയാറിനടുത്ത് പൂര്‍ണമായും തകര്‍ന്ന അട്ടപ്പള്ളം ഭാഗത്തെ റോഡ് പുനര്‍നിര്‍മാണമാണ് പ്രഥമ ദൗത്യം. കനത്ത മഴയെ അവഗണിച്ചും കര്‍മനിരതരായി പ്രവര്‍ത്തിക്കുകയാണ് സേന.  1500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ ഭാഗത്തേക്കുള്ള ഏക പ്രധാന റോഡാണ് പൂര്‍ണമായും തകര്‍ന്നത്. കാല്‍നടയാത്ര മാത്രമെ ഇപ്പോള്‍ സാധിക്കുകയുള്ളൂ. ഈ റോഡിന്റെ പുനര്‍നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി. ഉടനെ ഗതാഗതയോഗ്യമാവുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ പൂര്‍ണമായും തകര്‍ന്ന ശെല്‍വപുരം റോഡ് പുനര്‍നിര്‍മാണം, അഹല്യ കാംപസിന് സമീപത്തെ അപകടാവസ്ഥയിലായ പാലം, ശംഖുവാരത്തോട് പാലം പുനരുദ്ധാരണം എന്നിവയാണ് സേനയുടെ മറ്റു ദൗത്യങ്ങള്‍. ശക്തമായ ഒഴുക്കില്‍ കേടുപാടുകള്‍ സംഭവിച്ച പറളി ചെക്ക്ഡാമും വിഭാഗത്തിന്റെ പരിഗണനയിലാണ്.