അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം
പമ്പാ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കുകയും നീരൊഴുക്ക് ശക്തിപ്പെടുകയും ആനത്തോട്, പമ്പ ഡാമുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ പമ്പ-ത്രിവേണിയിലെ വെള്ളപ്പൊക്ക സാഹചര്യം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസും ജില്ലാ കളക്ടര്‍ പി.ബി.നൂഹും നേരിട്ട് പമ്പയിലെത്തി വിലയിരുത്തി. ശബരിമല നട നിറപുത്തരിയ്ക്കായി തുറക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ച് തീര്‍ഥാടനം സുഗമമാക്കുന്നത് സംബന്ധിച്ച വിലയിരുത്തലിനാണ് ജലവിഭവ വകുപ്പ് മന്ത്രിയും കളക്ടറും നേരിട്ട് പമ്പയിലെത്തിയത്. എന്നാല്‍ നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടറുകള്‍ അടയ്ക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്  ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ശബരിമല യാത്ര തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. പമ്പയിലെ പാലത്തിന്റെ മുകളിലൂടെ ജലം ഒഴുകിയിരുന്നതിനാല്‍ പാലത്തിന് ഗുരുതരമായ ബലക്ഷയം സംഭവിച്ചിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ജലം ഇറങ്ങിയാല്‍ മാത്രമേ പാലത്തിന്റെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തുവാന്‍ കഴിയൂ. ഈ സമയത്ത് തീര്‍ഥാടകരെ പാലത്തിലൂടെ കടത്തിവിടുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടു ള്ളത്. പമ്പാ  മണല്‍പ്പുറത്ത് വെള്ളപ്പൊക്കത്തില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെയും അപകടസാധ്യതയുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ പൂര്‍ണമായും പ്രവ ര്‍ത്തനരഹിതമായിട്ടുള്ളതിനാല്‍ ശുദ്ധജലത്തിന്റെ ക്ഷാമവും നേരിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും അഭ്യര്‍ഥന മാനിച്ച് തീര്‍ഥാടക ര്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
എഡിഎം പി.റ്റി.എബ്രഹാം, റാന്നി തഹസീല്‍ദാര്‍ കെ.വി.രാധാകൃഷ്ണന്‍ നായര്‍, പെരുനാട് ഗ്രാമപഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍, വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.