ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ പ്രൈമറി തലത്തില്‍ തുടങ്ങണമെന്നും അതിന് തുടക്കം കുറിക്കേണ്ടത് പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണമെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.പള്ളം ബ്ലോക്കില്‍ ഉള്‍പ്പെട്ട പനച്ചിക്കാട്  കണിയാമല പ്രാഥമിക ആരോഗ്യ കേന്ദ്രം ജനസൗഹൃദ കുടുംബാ രോഗ്യ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ശിശു മരണനിരക്ക് 12ല്‍ നിന്ന് 10 ആയി കുറഞ്ഞു. 2020 ല്‍ എട്ടായി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാതൃമരണ നിരക്ക് ദേശീയ ശരാശരി 167 ആയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 67 ആണ്. ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ സമുചിതമായ മുന്നേറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ചാന്നാനിക്കാട് മാതൃക സ്വയം സഹായ സംഘം സ്വരൂപിച്ച പതിനായിരം രൂപ ചടങ്ങില്‍ വച്ച് മന്ത്രിക്ക് കൈമാറി.
സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം പദ്ധതിയിലുള്‍ പ്പെടുത്തിയാണ് പനച്ചിക്കാട് പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി ഒ.പി സമയം വര്‍ദ്ധിപ്പിച്ചു. പുതിയതായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു. സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണം മൂന്നായി വര്‍ദ്ധിപ്പിച്ചു.ഓരോ ലാബ് ടെക്‌നീഷ്യനെയും ഫാര്‍മസിസ്റ്റിനേയും അധികമായി നിയമിച്ചു. ലാബ് സേവനങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടു  കൂടി പ്രദേശവാസികള്‍ക്ക്  ഡെങ്കിപ്പനി, എലിപ്പനി പോലുള്ള രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ ഇനി പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കും. വികലാംഗ-സൗഹൃദ ടോയ് ലറ്റ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ലാബിനോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിംഗ് റൂം സജ്ജജമാക്കി. ദിവസേന 200 ഓളം രോഗികള്‍ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രമാണിത്. എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തി.മുന്‍ എംഎല്‍എ  വി .എന്‍ വാസവന്‍,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. ആര്‍ സുനില്‍ കുമാര്‍,  ജില്ലാ പഞ്ചായത്തംഗം ശോഭാ സലിമോന്‍, പള്ളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെസ്സി ചാക്കോ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില വിജു, എന്‍. എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാര്‍, പനച്ചിക്കാട് എച്ച്എഫ്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ലാല്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. പള്ളം ബ്ലോക്ക് പ്രസിഡണ്ട് ടി ടി ശശീന്ദ്രനാഥ് സ്വാഗതവും ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം.ബാബു നന്ദിയും പറഞ്ഞു.