സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ ആരംഭിച്ച 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമർജൻസി സംവിധാനമാണ് മിത്ര 181 ഹെൽപ് ലൈൻ. 181 എന്ന ടോൾ ഫ്രീ നമ്പരിലൂടെ എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും കേരളത്തിലെ വനിതകൾക്ക് ലഭ്യമാകുന്നു. വളരെ ജനപ്രിയമായി മാറിയ പദ്ധതിയിലൂടെ ഇതുവരെ സഹായമെത്തിക്കാനായത് 1,25,000 സ്ത്രീകൾക്കാണ്.
നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മിത്ര ഹെൽപ് ലൈൻ വഴി സാധിക്കും. ടോൾ ഫീ നമ്പറിലേക്ക് വിളിക്കുന്നതിലൂടെ സ്ഥലത്തെ പ്രധാന ആശുപത്രി, പൊലീസ് സ്റ്റേഷൻ, ആംബുലൻസ് സർവ്വീസ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ലഭിക്കുന്നത്. കൗൺസിലിംഗ് സേവനങ്ങളും ലഭിക്കും. ടെക്‌നോപാർക്കിലെ ഓഫീസിൽ മൂന്ന് ഷിഫ്റ്റുകളിലായി 12 സ്ത്രീകളാണ് 24 മണിക്കൂറും സേവനങ്ങൾ നൽകുന്നത്. നിയമം, സോഷ്യൽ വർക്ക് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് കൺട്രോൾ റൂമിലെ ജീവനക്കാർ. മിത്ര 181 ഹെൽപ് ലൈൻ സേവനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്.