ദേശീയ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ബാലവേല നിർമ്മാർജ്ജനം ഉറപ്പാക്കുന്നതിനായി ദേശീയ ബാലവകാശ കമ്മീഷന്റെ നേതൃത്വത്തിൽ സെർച്ച്‌ ഡ്രൈവ് സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം ജില്ലയിൽ ബാലവേല നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, എൻ.ജി.ഒകൾ, വിവിധ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധന നടത്തി. ദേശീയ ബാലവകാശ കമ്മീഷൻ പ്രതിനിധി പ്രശാന്ത് ദ്വിവേദി പരിശോധനയ്ക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത്‌ ജൂൺ 12 മുതൽ 20 വരെ ബാലവേല നിർമ്മാർജ്ജന യജ്ഞമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ത്യയിലെ തെരെഞ്ഞെടുക്കപ്പെട്ട 75 ജില്ലകളിൽ സെർച്ച് ഡ്രൈവുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. കേരളത്തിൽ നിന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

കിള്ളിപ്പാലം, ചാല, കോവളം ബീച്ച് എന്നിങ്ങനെ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് ഇന്നലെ (ജൂൺ 13) പരിശോധന നടത്തിയത്. ഇന്ന് കഴക്കൂട്ടം അപ്പാരൽ പാർക്ക്, വർക്കല തുടങ്ങിയവിടങ്ങളിൽ പരിശോധന നടത്തും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനാണ്
ജില്ലയിലെ ബാലവേല നിർമ്മാർജ്ജന യജ്ഞ  പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

സംസ്ഥാന വനിതാ ശിശു ക്ഷേമ വികസന വകുപ്പ് നടത്തിവരുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ‘ശരണ ബാല്യം’ പദ്ധതിയുടെ പോസ്റ്റർ ദേശീയ ബാലവകാശ കമ്മീഷൻ പ്രതിനിധി പ്രശാന്ത് ദ്വിവേദിക്ക് നൽകികൊണ്ട് ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ  എൻ. സുനന്ദ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചിത്ര ലേഖ എസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  പ്രതിനിധി, തൊഴിൽ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ്‌ലൈൻ, ബച്പൻ ബചാവോ അന്തോളൻ  എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.