മൂർക്കനിക്കര ഗവ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുതിയ കിച്ചൺ കോംപ്ലക്സ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ സർക്കാരിന് പിൻതുണ നൽകി സമൂഹം ഒപ്പം നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യവും അക്കാദമിക മികവും ഉയർന്ന് വരുമ്പോൾ അത് കൂടുതൽ മെച്ചപ്പെടുത്താനും നിലനിർത്താനും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണമുണ്ടാകുന്നത് പ്രശംസനീയമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഖം മിനുക്കി പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഭക്ഷണ പുരം പണിയാൻ കഴിഞ്ഞിരുന്നില്ല. 2018 ൽ പ്രളയം വില്ലനായി വന്നതിനാൽ കരാറുകാരൻ്റെ നിർമ്മാണ സമഗ്രികൾ നശിച്ച് നഷ്ടം നേരിടുകയും എസ്റ്റിമേറ്റ് പ്രകാരമുള്ള സ്കൂൾ കെട്ടിടം മാത്രം നിർമ്മിക്കുകയും കിച്ചൺ കോംപ്ലക്സ് ഒഴിവാക്കുകയുമായിരുന്നു.
എന്നാൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്ത് ചേർന്ന് സ്കൂളിലേക്ക് അവരുടെ അടയാളപ്പെടുത്തലെന്ന നിലയിൽ ആധുനിക സൗകര്യങ്ങളുള്ള കിച്ചൺ കോംപ്ലക്സ് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. 12 ലക്ഷം രൂപയ്ക്കാണ് കിച്ചൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കിയത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സിനിമ താരവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ടി ജി രവി, പ്രധാന അധ്യാപിക ആൻസി, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.