ജില്ലാ കലക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

തലമുറകള്‍ കൈമാറിയ തൊഴില്‍ നൈപുണ്യത്തിന് തുടര്‍ച്ച നിലനിര്‍ത്താനും പുതിയ തൊഴില്‍ മേഖലകളില്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനും ജില്ലാഭരണകൂടം തയ്യാറാക്കിയ മാതൃക പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. നൈപുണ്യ മേഖലയില്‍ ഏറ്റവും മികച്ച പദ്ധതിക്കുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം തൃശൂര്‍ ജില്ല സ്വന്തമാക്കി. ഡല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സെക്രട്ടറി രാജേന്ദ്ര അഗര്‍വാളില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജനറല്‍ കാറ്റഗറിയിലെത്തിയ 12 പദ്ധതികളില്‍ നിന്നാണ് ജില്ലയുടേത് തിരഞ്ഞെടുത്തത്. തൃശൂര്‍ കൂടാതെ കേരളത്തില്‍ നിന്ന് മലപ്പുറം ജില്ല സ്‌കില്‍ എക്‌സലന്‍സ് വിഭാഗത്തിലും അവാര്‍ഡിന് അര്‍ഹമായി.
പരമ്പരാഗതമായ മണ്‍പാത്രനിര്‍മ്മാണം, ഫര്‍ണിച്ചര്‍, ചെണ്ട, കുത്താമ്പിള്ളി വസ്ത്രങ്ങള്‍, തഴപ്പായ തുടങ്ങി ഒട്ടേറെ പരമ്പരാഗത നൈപുണ്യ മേഖലകളെ പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്താനുള്ള ആശയങ്ങള്‍ ഉള്‍പ്പെട്ടതാണ് ജില്ലയുടെ പദ്ധതി. ഒപ്പം ഓണ്‍ലൈന്‍ മേഖലയിലെ മികവും മൈക്രോ- മിനി ഇന്‍ഡസ്ട്രീസ് സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളും പുരസ്‌കാര നേട്ടത്തിന് മാനദണ്ഡമായി. ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസാണ് പദ്ധതി തയ്യാറാക്കിയത്. തൃശൂരിലുള്ള സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍, യുവതൊഴില്‍ ശക്തി പോഷിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക് സ്‌കില്‍ ഡെവലപ്പ്മെന്റ് പ്ലാന്‍.