മഴക്കാലത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഓരോ പഞ്ചായത്തുകളും നിലവിൽ നടത്തിയ മഴക്കാല ശുചിത്വ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

വാർഡ് തലത്തിൽ കൂടുതൽ ശുചിത്വ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും
ഹോട്ടലുകൾ, കാറ്ററിംഗ് മെസുകൾ, വഴിയോര തട്ടുകടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

അങ്കണവാടി, പ്രീ പ്രൈമറി കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,
ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകൾ ഉറപ്പുവരുത്തുക, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ ശുചിത്വ പരിശോധന തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

ആശാവർക്കർമാർ, ആർ ആർ ടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൂടാതെ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഉണ്ടായാൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ പരിഹാര സെൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

മതിലകം ബ്ലോക്കിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, ശോഭന രവി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ എസ് ജയ, തഹസിൽദാർ കെ രേഖ, മതിലകം ബി ഡി ഒ വിജയ എം എസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.