അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കണമെന്ന തിരിച്ചറിവുള്ള നാടായി കേരളം മാറിയെന്ന് ദേവസ്വം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മുൻഗണന റേഷൻ കാർഡുകളുടെ ജില്ലാ തല വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലപാടിൽ നിന്നും നാട് മാറിയെന്നും അതിന് ഉദാഹരണമാണ് തിരികെ ലഭിച്ച അനർഹ റേഷൻ കാർഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിരലൊപ്പ് ഇടാൻ കഴിയാത്ത കിടപ്പ് രോഗികൾക്ക് റേഷൻ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അനർഹരെ കണ്ടെത്തുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് മികച്ച രീതിയിൽ ഇടപെട്ടു. ഇനിയും അനർഹ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ തിരികെ നൽകാൻ മുന്നോട്ട് വരണം. കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഏഴ് താലൂക്കുകളിലായി രണ്ട് വീതം എ വൈ കാർഡുകളും മൂന്ന് വീതം പി എച്ച് എച്ച് കാർഡുകളുമടക്കം 35 കാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. പാണഞ്ചേരി പഞ്ചായത്തിലെ മണിയൻ കിണർ സ്വദേശിനി കവിത മന്ത്രിയിൽ നിന്നും റേഷൻ കാർഡ് ഏറ്റുവാങ്ങി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കലക്ടർ ഹരിത വി കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ, സപ്ലൈവകുപ്പ് ഉദ്യോഗസ്ഥർ, റേഷൻ കാർഡ് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.