വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച മീറ്റിംഗ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ 100 ശതമാനം ചെലവഴിച്ച് ആസൂത്രണ സമിതി യോഗത്തില്‍ അഭിനന്ദിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് വേളൂക്കര എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നികുതി പിരിവില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടവും ആര്‍ദ്ര കേരളം പുരസ്‌കാരം സ്വന്തമാക്കിയതിനെകുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വിവാദങ്ങളെ മാറ്റിനിര്‍ത്തി വികസനത്തിലേയ്ക്ക് കുതിക്കാന്‍ നമുക്ക് സാധിക്കണമെന്നും ഡേവിസ് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

പരിമിതമായ സൗകര്യം മാത്രമുണ്ടായിരുന്ന പഴയ മീറ്റിംഗ് ഹാള്‍ നവീകരിക്കണമെന്നത് പഞ്ചായത്തിന്റെ നീണ്ട നാളത്തെ സ്വപ്നമായിരുന്നു. ആധുനിക സൗകര്യങ്ങളോടെയും മനോഹരമായ ഇന്റീരിയറോടെയുമാണ് പുതിയ മീറ്റിംഗ് ഹാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഹാളിലുണ്ട്. ഹാള്‍ നവീകരണത്തില്‍ സഹകരിച്ച വിവിധ സ്ഥാപനങ്ങളുടെ മേധാവികളെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.