സ്‌നേഹമുള്ള തലമുറയെ വാര്‍ത്തെടുക്കുകയും കുടുംബ ബന്ധങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുകഎന്നതാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

മാന്യമായ സംരക്ഷണവും പരിഗണനയും വയോജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. വയോജനങ്ങള്‍ക്ക് മികച്ച മാനസികോല്ലാസം ഉറപ്പാക്കണം. ഇന്നത്തെ തലമുറ വളര്‍ത്തിയ മാതാപിതാക്കളെ മറക്കുന്നു. അക്കാരണത്താലാണ് വൃദ്ധസദനങ്ങള്‍ വര്‍ധിക്കുന്നത്. പ്രായമുള്ളവരെ നമ്മള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ നമ്മളെയും ആരും അംഗീകരിക്കില്ലായെന്ന കാര്യം മറക്കരുതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വയോജനങ്ങളെ ബാധ്യതയായി കാണാതെ അവരെ ചേര്‍ത്തു പിടിക്കണമെന്ന് മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോകത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരെല്ലാം മുതിര്‍ന്ന പൗരന്മാരാണ്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനുള്ള നിയമം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിയമത്തിലൂടെ മാത്രം പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പകരം സമൂഹത്തിലെ ഓരോ ആളുകളും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വയോജന സംരക്ഷണ പ്രതിജ്ഞ കളക്ടര്‍ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ചു.  മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് ക്ലാസ് നയിച്ചു. റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള, പ്രൊബേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷംലാ ബീഗം, കാതോലിക്കേറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.