തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകൾക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു.

2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഡി. വിശ്വംഭരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കലാമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വരുമാനസ്രോതസ് ഒരക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാദ്യമേള പരിശീലനം പൂർത്തീകരിച്ച 12 പേരടങ്ങുന്ന വനിതാ ഗ്രൂപ്പിനാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ ചെണ്ടയും ഇലത്താളവും മറ്റും നല്‍കിയത്.

ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ബിജോയ് കെ. പോള്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ ജയറാം, പഞ്ചായത്ത് അംഗങ്ങളായ അംബിക ശശിധരന്‍, കവിത സജീവന്‍, എബ്രഹാം ജോര്‍ജ്, വിജയമ്മ ലാലു, ആശ സുരേഷ്, സെക്രട്ടറി പി. ആര്‍ സജി, അസിസ്റ്റന്‍റ് സെക്രട്ടറി പ്രീത വി. പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.