സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കുന്നതിനായി റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയമേളയും വിവിധ റവന്യൂ ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് സമഗ്രമായ ഡിജിറ്റൈസേഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. വകുപ്പില്‍ നിന്നും നല്‍കി വരുന്ന ഏതാണ്ടെല്ലാ സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. എന്നാല്‍ ഈ സേവനം പൊതുജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ നടപടിയിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ സംബന്ധമായ വിഷയങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവഗാഹമില്ലാത്തത് മുതലെടുക്കുന്ന ഇടനിലക്കാരും ഇന്ന് ധാരാളമായുണ്ട് എന്നതിന് ഉദാഹരണമാണ് നാം വഴിവക്കില്‍ കാണുന്ന ‘ നിലം തരം മാറ്റിക്കൊടുക്കും ‘ എന്ന തരത്തിലുള്ള ബോര്‍ഡുകള്‍. അപേക്ഷാ ഫീസ് മാത്രം നല്‍കി സ്വന്തം മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ച് നേടേണ്ട സേവനങ്ങള്‍ക്ക് പതിനായിരങ്ങള്‍ ഇടനിലക്കാരന്‍ കൈക്കലാക്കുന്നു. ഇത്തരത്തിലാണ് മറ്റ് സേവനങ്ങളുടെ കാര്യവും. ഇതിന് പരിഹാരമെന്ന നിലയിലാണ് റവന്യൂ സാക്ഷരത എന്ന ബ്രഹത്തായ പദ്ധതിക്ക് റവന്യു വകുപ്പ് തുടക്കം കുറിക്കുന്നത്. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങള്‍ , അവ ലഭ്യമാകുന്നതിനുള്ള യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ സമര്‍പ്പിക്കുന്ന വിധം , നിരസിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട വിധം , എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. അതിനായി നിലവിലുള്ള വില്ലേജ്തല ജനകീയ സമിതി അംഗങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരെ മാസ്റ്റര്‍ ട്രെയ്നര്‍മാരായി നിശ്ചയിച്ച് ഐഎല്‍ഡിഎം മുഖേന പരിശീലനം നല്‍കാനും മാസ്റ്റര്‍ ടെയ്നിമാരെ ഉപയോഗിച്ച് വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ക്ലബ്ബുകള്‍ എന്നിവ മുഖേന എല്ലാ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചെറു വീഡിയോകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടയ വിതരണത്തില്‍
പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തി

വയനാട് ജില്ലയിലെ പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം ഇന്ന് വിതരണം ചെയ്ത 802 പട്ടയങ്ങള്‍ ഉള്‍പ്പെടെ 1739 പട്ടയങ്ങള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്യാനായത് ഒരു റെക്കോര്‍ഡാണ്. ഈ പട്ടയ ഫയലുകളെല്ലാം വര്‍ഷങ്ങളായി വിവിധ നിയമ കുരുക്കിലും മറ്റു പ്രശ്നങ്ങളിലുമായി തീര്‍പ്പാകാതെ കിടന്നവയാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും അടിസ്ഥാനത്തിലാണ് ഈ മഹത്തായ നേട്ടം കൈവരിക്കാനായത്.

മാനന്തവാടി താലൂക്കിലെ പാരിസണ്‍ എസ്റ്റേറ്റിന്റെ മിച്ചഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്‍ മിച്ചഭൂമി കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍, സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ വില്ലേജിലെ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍ തുടങ്ങിയവയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പരിഹരിക്കപ്പെടേണ്ടതുമായിട്ടുള്ളതുമായ വിഷയങ്ങള്‍. ഇവ തീര്‍പ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭൂമി സര്‍വ്വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വ്വെയര്‍മാരുടെ കുറവായിരുന്നു തടസ്സങ്ങളില്‍ പ്രധാനം. ആവശ്യമായ സര്‍വ്വെയര്‍മാരേയും സര്‍വ്വെ ഉപകരണങ്ങളും അനുവദിക്കുന്നതിനും സമയബന്ധിതമായി സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍വ്വെ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോടതി വ്യവഹാരങ്ങളില്‍പെട്ട് കിടന്ന കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വഹിച്ച പങ്കും നിസ്ഥൂലമാണ്. എം.എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇനിയും പരിഹരിക്കേണ്ടതായി കുറച്ച് ഭൂപ്രശ്നങ്ങള്‍ കൂടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 1976 മുതല്‍ നിലനില്‍ക്കുന്ന കല്‍പ്പറ്റയിലെ വുഡ്ലാന്റ് എസ്റ്റേറ്റ് എച്ചീറ്റ് ഭൂമി പ്രശ്നമാണ് അതിലൊന്ന്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി വരുന്നു. ഇതിനു വേണ്ടി പ്രത്യേക സര്‍വ്വെ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. അത്തരത്തില്‍ ഇനി പരിഹരിക്കാനുള്ള മറ്റ് ഭൂ പ്രശ്നങ്ങളും പരിഹരിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും.

അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി

ഒരു തണ്ടപ്പേരിന് പോലും അവകാശമില്ലാത്ത മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് റവന്യൂവകുപ്പ് മുന്നോട്ടു പോകുന്നത്. ഇതിനായി നിയമ ഭേഗഗതികള്‍ ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കും. കൈവശക്കാര്‍ക്ക് പട്ടയം നല്‍കുക എന്ന നിലപാടുകള്‍ക്കും നടപടികള്‍ക്കും അപ്പുറമുളള സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുക. പാവപ്പെട്ടവര്‍ക്ക് ലഭ്യമാകേണ്ടതും പൊതുസമൂഹം കൈവശം വയ്‌ക്കേണ്ടതുമായ ഭൂമി അനര്‍ഹമായി സമ്പാദിച്ച് വെക്കുന്നത് എത്ര ഉന്നതന്മാരായാലും അവരില്‍ നിന്ന് ഭൂമി തിരിച്ചുപിടിച്ച് ഗ്രോത്ര വിഭാഗക്കാരടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ ഷാജു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ജില്ലാ പഞ്ചായത്തംഗം കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം സല്‍മ മോയി, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ സുലോചന തുടങ്ങിയവര്‍ സംസാരിച്ചു.