കാന്‍സറിനെ പ്രതിരോധിക്കാന്‍ സമഗ്ര കര്‍മപദ്ധതി തയ്യാറായി. കാന്‍സര്‍ പ്രതിരോധത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല കാന്‍സര്‍ പ്രതിരോധ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനായി പ്രത്യേക കര്‍മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേക ബോധവത്കരണം, കാന്‍സര്‍ ചികിത്സയെ കുറിച്ചുള്ള അറിവ് പകരല്‍, കാന്‍സര്‍ കണ്ടെത്തുന്നതിന് പ്രത്യേക ക്യാംപ് എന്നിയെല്ലാം പദ്ധതിയുടെ ഭാഗമായി നടത്തും.

ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. കാന്‍സര്‍ ചികിത്സ സൗകര്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ ബ്ലോക്ക് ലത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരെ ഉള്‍പ്പെടുത്തി വാര്‍ഡ്തലത്തിലും പരിപാടികള്‍ നടത്തും. സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ഡി.എം.ഒ ഡോ. ആര്‍ രേണുക, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ബി സതീശന്‍, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ടിഎന്‍ അനൂപ്, ആരോഗ്യകേരളം നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

കാന്‍സര്‍ പ്രതിരോധം ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് ജില്ലാ കാന്‍സര്‍ പ്രതിരോധ സമിതി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായ സമിതിയുടെ ചെയര്‍മാന്‍ ജില്ല കലക്ടറാണ്. ഡിഎംഒ കണ്‍വീനറും കാന്‍സര്‍ പ്രതിരോധ കേന്ദ്രത്തിന്റെ തലവന്‍ കോ കണ്‍വീനറുമാണ്. ജില്ലാ പ്രോഗ്രാം മാനേജര്‍, സ്വകാര്യ കാന്‍സര്‍ ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രി പ്രതിനിധി, സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധി, ലാബ് അസോസിയേഷന്‍ പ്രതിനിധി, സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല മേധാവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, പാലിയേറ്റീവ് കെയര്‍ സംഘത്തിന്റെ പ്രതിനിധി, കാന്‍സര്‍ അതിജീവകര്‍ എന്നിവരാണ് സമിതിയിലുള്ളത്