ഖാദി ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമായതരത്തില്‍ ഖാദി ഷോറൂമുകള്‍ മാറ്റുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ പനമരം ബസ് സ്റ്റാന്റില്‍ പുതുതായി ആരംഭിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് ഖാദി വസ്ത്രങ്ങളും വസ്ത്രേതര ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നത്. പരമ്പരാഗത വ്യവസായമായ ഖാദി പ്രസ്ഥാനത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനില ഷര്‍ട്ടിംഗ് , കുപ്പടം മുണ്ടുകള്‍, കളര്‍ ദോത്തികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുകള്‍, കോട്ടണ്‍ സാരികള്‍ ഖാദി ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളായ തേന്‍, വിവിധ തരം സ്റ്റാര്‍ച്ചുകള്‍, എള്ളെണ്ണ തുടങ്ങിയവയും ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമില്‍ ലഭ്യമാണ്.

ചടങ്ങില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അദ്ധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിധികളും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യവില്‍പ്പന ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശില്‍ നിന്ന് പനമരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, പനമരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റ്റി സുബൈര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം. ആയിഷ, ഖാദി സൗഭാഗ്യ ഷോറൂം മാനേജര്‍ ഷൈജു അബ്രഹാം, രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.