സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വയോസേവന പുരസ്കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് ജസ്റ്റിന് ബേബിയും വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി വിജോളും ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം മഹാത്മാ അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ക്ഷേമത്തിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പദ്ധതികളായ കനിവ്, സെക്കന്‍ഡറി പാലിയേറ്റീവ് ക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത്. വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന മുഴുവന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും ത്രിതല പഞ്ചായത്തുകളെ കൂട്ടിയിണക്കി അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍പന്തിയിലാണെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ബ്ലോക്ക്, പ്രോജക്ട് ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് പുരസ്ക്കാരം ലഭിച്ചതെന്നും പ്രസിഡന്റ് ജസ്റ്റിന് ബേബി പറഞ്ഞു.
