മഴക്കാല ദുരിതാശ്വാസ കാംപുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുളള റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. ദുരിതാശ്വാസ കാംപുകളില്‍ ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ജീവനക്കാരെയും തുടര്‍ന്നുളള ദിവസങ്ങളിലും വിന്യസിക്കാന്‍ തീരുമാനിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും എടുക്കുന്നതിന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ആംബുലന്‍സ് അടക്കമുളള അവശ്യ സര്‍വീസുകള്‍ 10 മിനിട്ടിനകം എത്താവുന്ന രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാര്‍ അവധി ദിനങ്ങള്‍ മാറ്റി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിര്‍ദേശം നല്‍കി. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പൊതു നിര്‍ദേശങ്ങള്‍
പരിസരശുചിത്വ പരമപ്രധാനം
മലമൂത്രവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. കക്കൂസില്‍ പോയതിനുശേഷവും ഭക്ഷണത്തിനു മുമ്പും സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ആഹാരം ചെറുചൂടോടെ കഴിക്കുക. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
ആഹാര സാധനങ്ങളില്‍ ഈച്ച കടക്കാതെ സൂക്ഷിക്കുക.
വീട്ടിലും പരിസരത്തും വെളളം കെട്ടിക്കിടക്കാതെയുളള സാഹചര്യം ഒഴിവാക്കുക.
കൊതുക് വളരാന്‍ സാധ്യതയുളള ഉറവിടങ്ങള്‍ ഒഴിവാക്കുക.
ജലജന്യരോഗങ്ങള്‍, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുക.
