പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് നെന്മാറ എം.എല്‍.എ കെ.ബാബു പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട ക്ഷീരവ്യവസായ സഹകരണസംഘത്തില്‍ നടത്തിയ പ്രത്യേക പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ക്ഷീര വ്യവസായ സഹകരണസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന സംഘമാണ് മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സഹകരണ സംഘം. പ്രതിദിനം 600 കര്‍ഷകരില്‍ നിന്നും പതിനായിരം ലിറ്ററോളം പാലാണ് ഇവിടെ സംഭരിക്കുന്നത്. ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ത്രൈമാസ പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പാലിന്റെ ഗുണമേന്മ വര്‍ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പാല്‍ ലഭ്യമാക്കുക, ക്ഷീരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് പരിപാടി നടത്തുന്നത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായ പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസര്‍ ജെ.എസ്.ജയസുജീഷ്, ക്ഷീരവികസന ഓഫീസര്‍ മീനു റസ്സല്‍, മണ്ണുത്തി സര്‍കലാശാല ലൈവ് സ്റ്റോക്ക് ഫാം അസി.പ്രൊഫ.ഡോ.ജിത്ത് ജോണ്‍ മാത്യു എന്നിവര്‍ ക്ലാസെടുത്തു. ക്ഷീരവികസന വകുപ്പ് പാര്‍ട് ടൈം അഡ്മിനിസ്ട്രേറ്റര്‍ ഇ.എന്‍.പത്മനാഭന്‍, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ബ്രിന്‍സി മാണി എ്ന്നിവര്‍ സംസാരിച്ചു.