ആഗോളതലത്തിൽ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ മൂന്നാം ലോക കേരള സഭയിൽ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ. ഇവയുടെ ക്രോഡീകരണ ചർച്ച സ്പീക്കർ എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ സമാപന ദിവസം നിയമസഭ പ്രധാന ഹാളിൽ നടന്നു.
അമേരിക്കൻ രാജ്യങ്ങളിലെ പ്രവാസികൾ, ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രവാസികൾ, പശ്ചിമേഷ്യൻ രാജ്യങ്ങൾ – യൂറോപ്പ് – ഇതര ഏഷ്യൻ രാജ്യങ്ങളിലെയും പസഫിക് രാജ്യങ്ങളിലെയും പ്രവാസികൾ, ഇതര സംസ്ഥാന പ്രവാസികൾ, തിരികെ എത്തിയവർ, വനിത പ്രവാസികൾ തുടങ്ങിയവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ജനപ്രതിനിധികൾ വിശദമായി കേട്ടു.
സർവതല സ്പർശിയായ ഇടപെടലാണ് നോർക്കയിൽ നിന്നു പ്രവാസികൾ പ്രതീക്ഷിക്കുന്നതെന്ന് യോഗം സാക്ഷ്യപ്പെടുത്തി. ഇന്ത്യൻ എംബസ്സി പ്രവർത്തിക്കാത്ത രാജ്യങ്ങളിൽ നോർക്ക കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ബിസിനസ് കേസുകളിൽ പെട്ട് വിദേശ ജയിലുകളിൽ കഴിയുന്നവർക്ക് നിയമോപദേശത്തിനു പകരം നിയമസഹായം നൽകണം. കേസുകൾ കൈകാര്യം ചെയ്യുന്നതിന് അതത് രാജ്യത്തെ ഭാഷയറിയാവുന്ന വക്കീലിനെ ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണം. പ്രവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം. പ്രവാസികൾക്ക് ഉപകാരപ്രദമായ തൊഴിൽ സാധ്യതകൾ അറിയാനും അവർക്ക് സ്വദേശത്തെ വിദ്യാർത്ഥികൾക്ക് അറിവോ സാധ്യതകളോ പരിചയപ്പെടുത്താനുമുള്ള പ്ലാറ്റ്‌ഫോം തയ്യാറാക്കണം. പ്രവാസി വിദ്യാർത്ഥികൾക്കായി കേരളത്തിൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം.
പ്രവാസികളുടെ രക്ഷിതാക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംരക്ഷണ സംവിധാനം ഒരുക്കണം. വിദേശ രാജ്യങ്ങളിൽ പാരമ്പര്യേതര മേഖലകളിലെ തൊഴിൽ സാധ്യതകൾ വിശദമായി പഠിക്കണം. യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സോഫ്റ്റ് സ്‌കിൽ’ വളർത്താൻ അക്കാദമിക രംഗം പരിഷ്‌കരിക്കണം.
വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്‌മെന്റുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ കൈകാര്യം ചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ വേണം. മലയാളം മിഷൻ ജനകീയമാക്കണം. തൊഴിൽ സമയം നീണ്ടു പോകുന്നതുമായി ബന്ധപ്പെട്ടും മറ്റു പ്രതിസന്ധികളിൽ കൗൺസിലിങ് ഏർപ്പെടുത്തുന്നതിനും നോർക്കയുടെ ഇടപെടൽ ഉണ്ടാകണം. നോർക്ക വനിത സെൽ ശക്തിപ്പെടുത്തണം. തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാൻ ജില്ലാടിസ്ഥാനത്തിലും വാർഡ് തിരിച്ചും നോർക്ക വാട്‌സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കണം.
ആഭ്യന്തര പ്രവാസികൾക്ക് ഏകീകൃത ഡൊമിസൈൽ സിസ്റ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പ്രവാസികളുടെ എണ്ണം സംബന്ധിച്ച ഡാറ്റാബേസ് തയ്യാറാക്കണം. കേരളത്തിൽ വേരുകളില്ലാത്ത പ്രവാസികളെയും ഇതിൽ ഉൾപ്പെടുത്താൻ നടപടി വേണം. ആഭ്യന്തര പ്രവാസി ക്ഷേമത്തിന് ബജറ്റിൽ തുക വകയിരുത്തണം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇതര സംസ്ഥാന പ്രവാസികളെക്കൂടി ഉൾപ്പെടുത്തണം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വിദ്യാഭ്യാസത്തിനും ജോലി ആവശ്യത്തിനും വരുന്നവർക്ക് താമസിക്കാൻ നോർക്ക കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഒരുക്കണം. ഇന്ത്യയുടെ നാല് മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെക്കൂടി നോർക്കയിൽ ഡയറക്ടർമാരായി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രവാസി വ്യവസായികൾ, നോർക്ക ഭാരവാഹികൾ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.