പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി. സിദ്ദിഖ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

വായനയ്ക്ക് മാറുന്ന കാലഘട്ടത്തില്‍ വിഭിന്ന ഭാവങ്ങള്‍ വന്നെങ്കിലും ആധുനിക സൗകര്യത്തിലും പരന്ന വായനകള്‍ സാധ്യമാണ്. രണ്ടായിരം വര്‍ഷങ്ങളുടെ അറിവിന്റെയും ഓര്‍മ്മകളുടെയും മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സഞ്ചാരം പോലും പുസ്തകങ്ങളിലൂടെ അനായാസം കൈമാറ്റം ചെയ്യപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സുന്ദര ലോകം പരിണാമങ്ങള്‍ക്ക് വിധേയമാകുമ്പോഴും അക്ഷരങ്ങളുലൂടെ മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകള്‍ മഹത്തരമാണ്. തലമുറകള്‍ക്ക് വെളിച്ചമേകിയ ചരിത്ര ഗ്രന്ഥങ്ങള്‍ മനുഷ്യരാശിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ കൂടിയാണ്. ശാസ്ത്ര ജ്ഞാനം പോലും പുസ്തകങ്ങളിലൂടെയും വായനയിലൂടെയും വിനിമയം ചെയ്യപ്പെടുന്നു. ഇന്ന് നാം അറിഞ്ഞതൊക്കെയും വായനയിലൂടെയാണ്. നൂറ്റാണ്ടുകളുടെ ചരിത്ര വഴികളെയും പിന്നിട്ട് വിവിധ തലത്തിലൂടെ വായന പുതിയ കാലത്തിലൂടെയും കുതിക്കുകയാണ്. ലോക ചരിത്രത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തികളില്‍ പലരുടെയും ജീവിതം മാറ്റി മറിച്ചതിന് പിന്നില്‍ മഹത്ഗ്രന്ഥങ്ങള്‍ പിന്തുണയേകിയ ആത്മവിശ്വാസങ്ങള്‍ കാണാം. വായനയിലൂടെ സാമൂഹിക ബോധവും സാംസ്കാരിക ബോധവും വളരുമെന്നതിന് തെളിവാണ് ഇന്ന് ഈ കാണുന്ന നന്മകളുടെ ലോകം. കേവലമായ മനുഷ്യായുസ്സിനപ്പുറം അനശ്വരമാണ് പുസ്തകങ്ങളുടെയും വായനയുടെയും ലോകമെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

ജില്ലാതല വായനാ പക്ഷാചരണത്തിന് തുടക്കം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ തല വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ടി.സിദ്ദിഖ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലമുറകളെയും സമൂഹത്തെയും ഉദ്ബോധിപ്പിക്കുന്നതില്‍ ഗൗരവമേറിയ പരന്ന വായനയ്ക്ക് മുഖ്യപങ്കുണ്ട്. കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങള്‍ എക്കാലെത്തയും പ്രചോദനമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ എ.പ്രഭാകരന്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍,പഞ്ചായത്തംഗം കെ.കുഞ്ഞായിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസി. ഇൻഫർമേഷൻ ഓഫീസർ കെ.സി. ഹരിദാസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍.പി.ജോര്‍ജ്ജ്, സ്കൂള്‍ പ്രധാനാധ്യാപിക സ്മിത ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ ടി.ടി.അമല്‍ഡാ ജോസഫ് കവിതാലപനവും നിദാ ഫാത്തിമ പുസ്തക പരിചയവും നടത്തി.

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി സെമിനാറുകൾ, മത്സരങ്ങൾ പുസ്തകമേള തുടങ്ങി വിവിധ പരിപാടികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.