വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല പ്രവര്‍ത്തനപുരോഗതി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ വിലയിരുത്തി.

ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണവും കാലാവധിയും സംബന്ധിച്ച് എഴുപതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാലതാമസം വരുത്താതെ  ഓരോ വകുപ്പുകളിലും തീര്‍പ്പാക്കേണ്ട ഫയലുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

അഞ്ച് വര്‍ഷത്തിലധികമായി തീര്‍പ്പാക്കാത്ത ഫയലുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കൃത്യമായ വിവരം വകുപ്പുതല ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള മൂന്ന് മാസമാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലപരിധിയുള്ള ഫയലുകളില്‍ കോടതിയുടെ ഇടപെടലുകളില്ലാത്ത  തീര്‍പ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ പ്ലാനിംഗ് ഓഫീസാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക. ഓരോ 15 ദിവസത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച അവലോകന യോഗം ചേരും. ഓരോ വകുപ്പുകളും ഇതിനായി പ്രത്യേകം ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം. സംസ്ഥാനതലത്തില്‍ ഓരോ ആഴ്ചയിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച പുരോഗതി വിലയിരുത്തും.

ജില്ലാ വികസന സമിതി മീറ്റിംഗിന് മുന്നോടിയായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവരും പങ്കെടുത്തു.