തൃശൂര്‍ കോര്‍പ്പറേഷന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ തൃശൂര്‍ സിറ്റി പൊലീസ് നിരീക്ഷണ ശൃംഖലയിലേയ്ക്ക് ബന്ധിപ്പിക്കുന്ന തേര്‍ഡ് ഐ പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അതിനാൽ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ എക്കാലവും കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാന്റില്‍ സൗത്ത് ഇന്ത്യൻ‍ ബാങ്കിന്റെ സഹകരണത്തോടെ സ്ഥാപിച്ച ക്യാമറ നിരീക്ഷണ സംവിധാനം, പാവറട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച അത്യാധുനിക ശേഷിയുള്ള സര്‍വൈലന്‍സ് ക്യാമറകള്‍, ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റീഡിങ്ങ് ക്യാമറകള്‍, മണ്ണുത്തി പൊലീസ് സ്റ്റേഷന്‍, സൗത്ത് ഇന്ത്യൻ‍ ബാങ്കിന്റെ സഹകരണത്തോടെ സ്ഥാപിച്ച സര്‍വൈലന്‍സ് ക്യാമറകള്‍, എ.എന്‍.പി.ആര്‍ ക്യാമറകള്‍, തൃശൂര്‍ പുത്തന്‍പള്ളി പ്രദേശത്തെ സ്വര്‍ണാഭരണ നിര്‍മാതാക്കളും വ്യാപാരികളുമായി സഹകരിച്ചുകൊണ്ടുള്ള ഗോള്‍ഡ് സ്ട്രീറ്റ് ക്യാമറ പ്രൊജക്ട്, തൃശൂര്‍ ശക്തന്‍ ഫിഷ് മാര്‍ക്കറ്റിലെ സിസിടിവി ക്യാമറകള്‍ എന്നിവയാണ് നിലവിൽ പൊലീസ് നെറ്റ്‌വര്‍ക്കിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

2021 ഫെബ്രുവരിയിലാണ് തൃശൂര്‍ കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് ആന്റ് സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വരാജ് റൗണ്ട്, ശക്തന്‍ നഗര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം തൃശൂര്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് ഏകോപിപ്പിക്കുന്നത്. സിസിടിവി ക്യാമറ സംവിധാനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേരള പൊലീസിന്റെ തനതുഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവിട്ട് നഗരത്തിലെ ശങ്കരയ്യറോഡ്, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, അശ്വിനി ജംഗ്ഷന്‍ എന്നീ പ്രധാന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചു.

തൃശൂർ പൊലീസ് കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ആദിത്യ അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജു എന്നിവര്‍ പങ്കെടുത്തു.

സ്വകാര്യവ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി അസോസിയേഷനുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം അനുയോജ്യമായ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കാവുന്നതാണ്. ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് പൊലീസുദ്യോഗസ്ഥര്‍ നിരീക്ഷിക്കും.