മികവാർന്ന പ്രവർത്തനത്തിന് തദ്ദേശസ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ആദരവ്

കോട്ടയം: അധികാര വികേന്ദ്രീകരണം അർഥപൂർണമാക്കാൻ തദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന മികവ് കൈവരിച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘സമന്വയം 2022′ പരിപാടി’ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയോജനവും ഏകോപനവും പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ഊർജ്വസ്വലത കൈവരിക്കുന്നതിനു സഹായകമായി. തദ്ദേശസ്ഥാപനങ്ങൾ അതത് പ്രദേശത്തെ പ്രാദേശിക സർക്കാരായി പ്രവർത്തിക്കുന്നുവെന്നത് പദ്ധതി നിർവഹണത്തിൽ കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുന്നു. അധികാര വികേന്ദ്രീകരണം അർഥപൂർണമാക്കി വിഭവ സമാഹരണത്തിൽ അധികാരത്തിനൊത്ത് വിഹിതവും നൽകി സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കുക എന്ന ആശയമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ലഭ്യമാക്കാനുതകുന്ന നൈപുണ്യ സ്ഥാപനങ്ങൾ തദ്ദേശതലത്തിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക പദ്ധതിത്തുക 100 ശതമാനം ചെലവഴിച്ച വൈക്കം നഗരസഭ, ഉഴവൂർ, മാടപ്പള്ളി, ളാലം, വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും 22 ഗ്രാമപഞ്ചായത്തുകളെയും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനതെത്തിയ ജില്ലാ പഞ്ചായത്തിനെയും ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു.
ജില്ലയിൽ വസ്തു നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ച എട്ടു പഞ്ചായത്തുകൾ, മേൽനോട്ടം വഹിച്ച വാർഡംഗം, വാർഡ് ക്ലർക്ക്, നിർവഹണ ഉദ്യോഗസ്ഥർ,സംസ്ഥാന-ജില്ലാ തലത്തിൽ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരെയും ആദരിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചതിന് ദാരിദ്യ ലഘൂകരണം വിഭാഗം
പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോയ്ക്ക് പുരസ്‌കാരം നൽകി.

ശുചിത്വ മാലിന്യപരിപാലനത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം മാടപ്പള്ളി പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്തംഗങ്ങൾക്കായി കില- ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ജിമ്മി ജെയിംസിനെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എക്‌സിക്യൂട്ടീവ് എൻജിനീയർ അശോകൻ, ജില്ലാ ടൗൺ പ്ലാനർ അനിൽ കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൻ. പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ(ആയുർവേദം) ഡോ.ഡി. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ആർ. സരളകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എ. സഫീന, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, വനിത-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ജെബിൻ ലോലിത സെയിൻ, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ വി.എ. ഷംനാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ സി. വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് മേരി ജോവി, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, എ.ഡി.സി. ജനറൽ ജി. അനിസ് എന്നിവർ പങ്കെടുത്തു.
എകീകൃത തദ്ദേശ സർവീസ് സാധ്യതകളും സമീപനവും എന്ന വിഷയത്തിൽ കോട്ടയം എ.ഡി.പി. പി. രാജേഷ്‌കുമാർ വിഷയാവതരണം നടത്തി.