ഈ വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 78.26 ശതമാനം പേർ ഉപരിപഠനത്തിനു യോഗ്യത നേടി. പരീക്ഷ എഴുതിയ 29711 വിദ്യാർഥികളിൽ 23251 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1299 പേരിൽ 560 പേർ ഉപരിപഠന യോഗ്യത നേടി. 43.11 ആണ് വിജയശതമാനം. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻഎസ്‌ക്യുഎഫ് സ്‌കീം) അനുസരിച്ചുള്ള നൈപുണ്യ പരിശീലനം പൂർണമായി നടപ്പാക്കിയ ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് ഇത്തവണ നടന്നതെന്ന് ഫലപ്രഖ്യാപനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
261 സർക്കാർ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളുമടക്കം 389 വി.എച്ച്.എസ്.ഇ. സ്‌കൂളുകളാണു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളത്. ഇതിൽ 261 സർക്കാർ സ്‌കൂളുകളിൽ എൻഎസ്‌ക്യുഎഫ് പാഠ്യപദ്ധതി പ്രകാരമാണു പരീക്ഷ നടത്തിയത്. കണ്ടിന്യൂസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ്(എൻഎസ്‌ക്യുഎഫ്) സ്‌കീം റെഗുലർ ആൻഡ് പ്രൈവറ്റ്, കണ്ടിന്യൂസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ് (റിവൈസ്ഡ് കം മോഡ്യുലാർ) സ്‌കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ് റിവൈസ്ഡ് സ്‌കീം(പ്രൈവറ്റ്) എന്നീ സ്‌കീമുകളിലാണു പരീക്ഷ നടത്തിയത്. ഒമ്പതു പോയിന്റ് സ്‌കെയിലിങ്ങുള്ള ഗ്രേഡിങ് മൂല്യ നിർണയ രീതിയിൽ പാർട്ട് ഒന്നിലും രണ്ടിലും യോഗ്യത നേടുന്നവർ ട്രേഡ് സർട്ടിഫിക്കറ്റിനും സ്‌കിൽ സർട്ടിഫിക്കറ്റിനും അർഹരാകും. ഇവർക്ക് തൊഴിൽ നേടുന്നതിനും അപ്രന്റിസ്ഷിപ്പിനും അർഹരാണ്. പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലും യോഗ്യത നേടുന്നവരാണ് ഉപരിപഠനത്തിന് അർഹത നേടുന്നത്.
ഏറ്റവും ഉയർന്ന വിജയ ശതമാനം കൊല്ലം ജില്ലയിലും (87.77) ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലും (64.97) ആണ്. 178 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 10 സർക്കാർ സ്‌കൂളുകളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. 28 സ്‌കൂളുകളിൽ 50 ശതമാനത്തിൽ താഴെയാണു വിജയം.
പൊതുവിഭാഗത്തിൽനിന്നുള്ള 5144 വിദ്യാർഥികളിൽ 4288 പേർ ഉപരി പഠനത്തിനു യോഗ്യത നേടി. 83.36 ആണ് വിജയ ശതമാനം. ഒ.ബി.സി വിഭാഗത്തിൽ 20126 പേർ പരീക്ഷയെഴുതിയതിൽ 15919 പേരും(79.10%) ഒ.ഇ.സി. വിഭാഗത്തിൽ 1501 പേർ പരീക്ഷയെഴുതിയതിൽ 1142 പേരും(76.08%) ഉപരി പഠനത്തിനു യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽനിന്ന് 2689 പേർ പരീക്ഷയെഴുതിയതിൽ 1768 പേർ ഉപരിപഠനത്തിനു യോഗ്യരായി. 65.75 ആണ് വിജയ ശതമാനം. പട്ടികവർഗ വിഭാഗത്തിൽനിന്ന് 251 പേർ പരീക്ഷയെഴുതിയതിൽ 134 പേർ ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനം 53.39.
സംസ്ഥാനത്തെ നാലു ബധിര മൂക സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തി. ഗവ. വി.എച്ച്.എസ്.എസ്. ആൻഡ് ടി.എച്ച്.എസ്. ഫോർ ഡെഫ് ജഗതി, സി.എസ്.ഐ. വി.എച്ച്.എസ്.എസ്. ഫോർ ഡെഫ് തിരുവല്ല, കുന്നംകുളം ഗവ. ഡെഫ് വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ്. ഫോർ ഡെഫ് എന്നിവയാണു നാലു സ്‌കൂളുകൾ. നാലു സ്‌കൂളും 100 ശതമാനം വിജയം നേടി.
ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ ജൂൺ 27നു വൈകിട്ട് നാലിനുള്ളിൽ സമർപ്പിക്കം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോം മതിയാകും. ഇന്റർനെറ്റിൽനിന്നു ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയ്ക്കൊപ്പം ഉള്ളടക്കം ചെയ്യണം ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് സൂക്ഷ്മ പരിശോധന, പുനർ മൂല്യനിർണയം എന്നിവ ഉണ്ടായിരിക്കില്ല.
ഉത്തരക്കടലാസുകൾ പുനർ മൂല്യനിർണയം നടത്തുന്നതിന് പേപ്പർ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പർ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനർ മൂല്യനിർണയ ഫലം ജൂലൈയിൽ പ്രസിദ്ധീകരിക്കും. 2022 മാർച്ചിലെ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യുകയും ഉപരിപഠന യോഗ്യത നേടാൻ കഴിയാതാകുകയോ വിവിധ കാരണങ്ങളാൽ പരീക്ഷയ്ക്കു ഹാജരാകാതിരിക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങൾക്കും/ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. സേ പരീക്ഷയുടേയും ഇംപ്രൂവ്മെന്റ് പരീക്ഷയുടേയും തീയതിയും വിശദാംശങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.